സ്കൂളിലുണ്ടായ സംഘർഷത്തിനിടെ മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്
തിരുവനന്തപുരം: സ്കൂളിലെ സംഘർഷത്തിനിടെ മതിൽ ചാടികടന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. മതിൽ ചാടികടന്ന വിദ്യാർഥിയുടെ ദേഹത്ത് സമീപത്ത് സ്ഥാപിച്ചിരുന്ന ഗേറ്റിലെ കമ്പി തുളച്ചുകയറി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കുട്ടികൾ തമ്മിലുണ്ടായ വഴക്ക് സംഘർഷത്തിലെത്തിയതോടെ ഓടിയെത്തിയ പത്താം ക്ലാസ് വിദ്യാർഥി പട്ടം എൽഐസി ലൈനിലെ വീടിൻറെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. വീടിൻറെ സൺഷേഡിലൂടെ ഓടിയെത്തിയ കുട്ടി താഴേക്ക് ചാടുന്നതിനിടെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഏകദേശം 35 മില്ലീ മീറ്റർ നീളവും 3 മില്ലീ മീറ്റർ വ്യാസവുമുള്ള ഇരുമ്പ് കമ്പിയാണ് വിദ്യാർത്ഥിയുടെ പിൻഭാഗത്തിലൂടെ ശരീരത്തിൻറെ ഉള്ളിലേക്ക് കയറി കുടുങ്ങിയത്. കമ്പിയിൽ കോർത്തുപോയ വിദ്യാർഥിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതോടെ സമീപത്തുണ്ടായിരുന്നവർ തിരുവനന്തപുരം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ നിലത്തിറക്കി. അത്യാധുനിക കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ തറഞ്ഞുനിന്ന ഇരുമ്പുകമ്പികൾ അതീവ ശ്രദ്ധയോടെ ഫയർഫോഴ്‌സ് സംഘം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിൻറെ ആംബുലൻസിൽ തന്നെ വിദ്യാർഥിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു. കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഷെഹീൻറെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
student was seriously injured after an iron rod pierced his body while attempting to jump over a wall during a school clash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."