കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കണ്ണൂര്‍: പാനൂരില്‍ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ കണ്ണൂര്‍ മനേക്കര സ്വദേശിയായ ശരണിനെ കണ്ണൂരിലെ വീടിന് സമീപത്തുനിന്നാണ് പൊലിസ് പിടികൂടിയത്.
മൊകേരി വള്ളങ്ങാട് സ്വദേശിനിയും കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപികയുമായ ആദിത്യയാണ് മരണപ്പെട്ടത്. ജൂണ്‍ 14ന് വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യ, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ വച്ച് ശരണ് ആദിത്യയെ മര്‍ദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഈ സംഭവത്തെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് ശരണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആദിത്യയെ ശരണ് പലതവണ മര്‍ദിച്ചിരുന്നതായും യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുവായ വിനോദ് ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും ശക്തവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, യുവാവിനെ അറസ്റ്റ് ചെയ്ത പൊലിസ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളും പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."