അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ കൂറുമാറ്റ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയില്‍ പാര്‍ട്ടി അണികളോട് വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് പറഞ്ഞു. ശിവസേനയുടെ അറുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
' വെല്ലുവിളികള്‍ കണ്ട് ഓടിയൊളിക്കുന്നവനല്ല ഞാന്‍. എന്നാല്‍ നിങ്ങള്‍ക്ക് എന്നില്‍ വിശ്വാമില്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. പാര്‍ട്ടിയില്‍ നിന്നൊരാള്‍ അടുത്ത അധ്യക്ഷനാവുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ ശിവസനേയെ കള്ളന്‍മാരുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ തയ്യാറല്ല,' ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേനയിലെ ആറ് ലോക്‌സഭാ എംപിമാര്‍ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് മാറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടിവിട്ട എംപിമാര്‍ക്ക് വോട്ട് ചെയ്ത ജനങ്ങളോട് അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചു. ബാലാസാഹേബ് താക്കറെയുടെ പേര് പറഞ്ഞാണ് തങ്ങള്‍ വോട്ട് ചോദിച്ചതെന്നും, മോദിയുടെ പേര് ഉപയോഗിക്കാതെയാണ് ഒന്‍പത് സീറ്റ് വിജയിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉദ്ധവ് താക്കറെ ഉയർത്തിയത്. രാജ്യം "ഒരു പാർട്ടി, ഒരു തെരഞ്ഞെടുപ്പില്ല" എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ബി.ജെ.പി ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി തങ്ങൾ കോൺഗ്രസിനെതിരെയാണ് പോരാടിയതെങ്കിലും, അവർ ഒരിക്കലും ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
uddhav thackeray says he is ready to resign as shiv sena chief if party workers no longer have confidence in him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."