ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു
പാലക്കാട്: പെരുമാറ്റച്ചട്ടങ്ങൾ കാറ്റിൽപ്പറത്തിയും, ഗുരുതരമായ ഔദ്യോഗിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയർന്നിട്ടും ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്ന് അസിസ്റ്റൻ്റ് എൻജിനീയർമാർക്കെതിരേ നടപടിയെടുക്കാതെ അധികൃതർ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. മെക്കാനിക്കൽ വിഭാഗത്തിലെ മൂന്ന് അസിസ്റ്റൻ്റ് എൻജിനീയർമാർക്കെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്തിരുന്നത്.
ചീഫ് എൻജിനീയർ (മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ), തുടർനടപടികൾക്കായി ചീഫ് എൻജിനീയർക്ക് (ജലസേചനവും ഭരണവും) റിപ്പോർട്ട് സമർപ്പിച്ചിട്ട് നാളുകളായെങ്കിലും ആരോപണവിധേയർ ഇപ്പോഴും സർവിസിൽ തുടരുകയാണ്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് കടമകളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും ഇവർ ഒളിച്ചോടിയതായി റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുതൽ ചീഫ് എൻജിനീയർ വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഇടപെട്ട് പ്രവൃത്തികൾ പൂർത്തിയാക്കാൻ നിരവധി തവണ നിർദേശങ്ങൾ നൽകിയിട്ടും ഇവർ അവയൊന്നും പാലിക്കാൻ തയാറായില്ല എന്നാണ് ആരോപണം.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് ഇവർക്കെതിരേ പരാതി ഉയർന്നിരുന്നെങ്കിലും നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനെതിരെ അന്ന് ശബ്ദമുയർത്തിയ യു.ഡി.എഫ് ഭരണം കൈയിൽ കിട്ടിയിട്ടും ഇതുവരെ നടപടിയെടുക്കാൻ തയാറായിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.വകുപ്പിനെയും സൂപ്പർവൈസിങ് ഓഫിസർമാരെയും തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ നീക്കങ്ങളാണ്അസിസ്റ്റൻ്റ് എൻജിനീയർമാരുടെ ഭാഗത്തുനിന്നുണ്ടായത്.രേഖകളിലെ തിരുത്തൽ, വസ്തുതാവിരുദ്ധമായ റിപ്പോർട്ടുകൾ, പദ്ധതി പുരോഗതി മറച്ചുവക്കൽ, ഫണ്ട് തടഞ്ഞുവക്കൽ കൂടാതെ വിവിധ ഡാമുകളിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികളിലും വലിയ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ ഏറ്റവും ഗുരുതരമായ ആരോപണം കരാറുകാരെ സാമ്പത്തികമായും അല്ലാതെയും പീഡിപ്പിച്ചു എന്നതാണ്. അസിസ്റ്റൻ്റ് എൻജിനീയർമാരിൽ ഒരാൾ താൻ ആവശ്യപ്പെടുന്ന സ്ഥലത്ത് സ്ത്രീകളെ എത്തിച്ചു നൽകണമെന്ന് കരാറുകാർക്ക് മേൽ സമ്മർദം ചെലുത്തിയതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."