HOME
DETAILS

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

  
യു.എം മുഖ്താര്‍
June 22, 2026 | 1:57 AM

US-Iran Marathon Talks 60 DAYS FOR PEACE

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബുര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ ഇന്നലെ തുടങ്ങിയ യു.എസ്-−ഇറാന്‍ ചര്‍ച്ചകള്‍ വെറും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര കൂടിക്കാഴ്ചയല്ല. മറിച്ച് പശ്ചിമേഷ്യയുടെ മാത്രമല്ല മൊത്തം ലോകത്തെയും ബാധിക്കുന്ന വിവിധ ഘടകങ്ങളടങ്ങിയ സമാധാനപ്രക്രിയയുടെ തുടക്കമാണ്. കാരണം യു.എസും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ അതിന്റെ കെടുതികള്‍ കേരളത്തിലെ ഗ്രാമീണ വീടുകളെപ്പോലും ബാധിച്ചതാണ്.

പശ്ചിമേഷ്യയുടെ ഭാവി നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന നയതന്ത്ര നീക്കങ്ങളിലൊന്നായാണ് 60 ദിവസം നീളുന്ന ചര്‍ച്ചകള്‍ വിലയിരുത്തപ്പെടുന്നത്. ലൂസെണ്‍ തടാകത്തിന് മുകളിലുള്ള ആഡംബര ഹോട്ടല്‍ സമുച്ചയത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. 

എന്തുകൊണ്ട് നിര്‍ണായകം?

1979ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം നാല് പതിറ്റാണ്ടിലേറെയായി ശത്രുത തുടരുന്ന അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം ആണവ പദ്ധതി, ഉപരോധങ്ങള്‍, പ്രാദേശിക സ്വാധീനം തുടങ്ങിയ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒപ്പുവച്ച ധാരണാപത്രം പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ അവസാനിപ്പിക്കാനുള്ള ആദ്യ വലിയ ചുവടുവയ്പ്പായാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അന്തിമകരാര്‍ നിലവില്‍ വന്നിട്ടില്ല. ഇപ്പോള്‍ തുടങ്ങുന്ന ചര്‍ച്ചകള്‍ അതിലേക്കുള്ള സാങ്കേതികവും രാഷ്ട്രീയവുമായ ചര്‍ച്ചകളാണ്. കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ പ്രായോഗിക നടപ്പാക്കലും അന്തിമ സമാധാനകരാറിലേക്കുള്ള റോഡ്മാപ്പുമാണ് ചര്‍ച്ചയുടെ ലക്ഷ്യം.

പങ്കെടുക്കുന്നത് ആരെല്ലാം?

ഉന്നതതല പ്രാതിനിധികളെയാണ് ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കായി അയച്ചിരിക്കുന്നത്. 
ഇറാന്‍: പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം. 
യു.എസ്: വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നേതൃത്വം നല്‍കുന്ന സംഘത്തില്‍ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവരും ഉണ്ട്.
മധ്യസ്ഥര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, പാക് കരസേനാ മേധാവി ആസിം മുനീര്‍, ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ ഥാനി.
സ്വിറ്റ്‌സര്‍ലന്‍ഡ് ആതിഥേയ രാജ്യമായെങ്കിലും ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. നിഷ്പക്ഷ വേദിയും നയതന്ത്ര സൗകര്യങ്ങളും ഒരുക്കുന്ന ചുമതലയാണ് വഹിക്കുന്നത്. 

കേന്ദ്രവിഷയം ഹോര്‍മുസ് കടലിടുക്ക്

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ലോക എണ്ണവ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്‍ വീണ്ടും കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചപ്പോള്‍ അമേരിക്ക അത് നിഷേധിച്ചു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കണക്കുപ്രകാരം ഒരു ദിവസം മാത്രം 55 വ്യാപാരക്കപ്പലുകള്‍ അവിടൂടെ സഞ്ചരിക്കുകയും 1.7 കോടി ബാരലിലധികം എണ്ണ ആഗോള വിപണിയിലേക്ക് നീങ്ങുകയും ചെയ്തു. എങ്കിലും കടലിടുക്കിനെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വം ആഗോള എണ്ണവിലയെയും സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്.

തടസം ഇസ്‌റാഈല്‍

ഈ സമാധാന ചര്‍ച്ചകളില്‍ ഇസ്‌റാഈല്‍ ഒരു കക്ഷിയല്ലാത്തതിനാല്‍ അവര്‍ ഈ കരാറിന് ബാധ്യസ്ഥരല്ല. പക്ഷേ പ്രധാന ചര്‍ച്ചാ വിഷയം ഇസ്‌റാഈലാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇസ്‌റാഈല്‍ ലബനാനില്‍ നടത്തുന്ന ആക്രമണങ്ങളില്‍ 4000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഇസ്‌റാഈലിനെ നിയന്ത്രിക്കാന്‍ യു.എസിന് സാധിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ തകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണങ്ങളാണ് നിലവില്‍ ചര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ തടസം. 

ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ പോലും ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇസ്‌റാഈല്‍ കരാറില്‍ നേരിട്ട് ബന്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ലബനാനിലെ ആക്രമണം തുടരുകയാണെങ്കില്‍ അമേരിക്ക കരാറിലെ ബാധ്യതകള്‍ പാലിക്കുന്നില്ലെന്നാകും  ഇറാന്‍ വാദിക്കുക. അതോടെ മുഴുവന്‍ ചര്‍ച്ചാ പ്രക്രിയയും തകരാന്‍ സാധ്യതയുണ്ട്. ചര്‍ച്ചയുടെ തൊട്ടുമുമ്പുള്ള ദിവസം ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചതും ലബനാനിലെ ആക്രമണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ്.

ചർച്ചയുടെ ഘട്ടങ്ങൾ

ചര്‍ച്ച കടന്നുപോകുക ഒന്നിലധികം ഘട്ടങ്ങളിലൂടെയാണ്. ഇപ്പോഴത്തേത് സാങ്കേതികതല ചര്‍ച്ചയാണ്. ധാരണാപത്രത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് (ആണവ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ) കടക്കുന്നതിന് മുമ്പ് ആദ്യഘട്ടത്തില്‍ ഒപ്പുവച്ച കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസ്‌റാഈലിനെ നിയന്ത്രിക്കാന്‍ യു.എസിന് കഴിയണം എന്നതാണ് ഇറാന്റെ പ്രധാന ആവശ്യം. ഒപ്പുവച്ച ധാരണാപത്രത്തില്‍ ഇസ്‌റാഈല്‍ കക്ഷിയല്ലെങ്കിലും ഇസ്‌റാഈലിനെക്കൊണ്ട് വെടിനിര്‍ത്തല്‍ പാലിപ്പിക്കേണ്ട ബാധ്യത യു.എസിനുണ്ട്.

ചര്‍ച്ചകള്‍ പൂര്‍ണമായും രഹസ്യ സ്വഭാവത്തിലായിരിക്കുമെന്നും സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഓരോ ദിവസവും പത്രക്കുറിപ്പുകള്‍ ഇറങ്ങുകയോ സമൂഹമാധ്യമങ്ങളിലൂടെ പുരോഗതി അറിയിക്കുകയോ ഉണ്ടാകില്ല.

ഘട്ടം 1: 
⦿ വിശ്വാസ്യത പരിശോധന
⦿ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടോ?
⦿ ധാരണാ വ്യവസ്ഥകള്‍ നടപ്പാകുന്നുണ്ടോ?
ഘട്ടം 2: 
⦿ സാങ്കേതിക ചര്‍ച്ചകള്‍  ⦿ ആണവ പദ്ധതി
⦿ പരിശോധനാ സംവിധാനം   
⦿ ഉപരോധ ഇളവുകള്‍
ഘട്ടം 3: 
⦿ അന്തിമ കരാറിന്റെ കരട്
⦿ 60 ദിവസത്തിനുള്ളില്‍ രൂപരേഖ
⦿ ആവശ്യമെങ്കില്‍ കാലാവധി നീട്ടാം

ലബനാന്‍ വെടിനിര്‍ത്തല്‍

ആദ്യ ദിവസങ്ങളില്‍ തന്നെ ചര്‍ച്ചകളില്‍ ആധിപത്യം സ്ഥാപിക്കുക ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണം ആയിരിക്കും. ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥ തന്നെ ലബനാന്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ എല്ലാ സൈനിക നടപടികളും ഉടന്‍ അവസാനിപ്പിക്കണം എന്നതാണ്. ആദ്യം ലബനാനിലെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകണം അതിന് ശേഷമേ മറ്റ് വിഷയങ്ങളിലേക്ക് നീങ്ങാനാകൂവെന്നാണ് ഇറാന്റെ നിലപാട്.

⦿ ഇറാന്റെ ആണവ പദ്ധതി

ചര്‍ച്ചകളുടെ രണ്ടാംഘട്ടത്തിലെ പ്രധാന വിഷയം ഇറാന്റെ ആണവപദ്ധതിയാണ്. ഊർജം ഉള്‍പ്പെടെയുള്ള സമാധാനപരമായ ആവശ്യത്തിന് വേണ്ടിയാണ് തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ആണവായുധം നിര്‍മിക്കല്‍ ഇറാന്റെ അജണ്ടയാണെന്നാണ് യു.എസ് വാദം. ഇറാന്‍ ആണവായുധം വികസിപ്പിക്കരുത്, അതിനുള്ള ശേഷി പോലും കൈവശംവയ്ക്കരുത് എന്നാണ് യു.എസിന്റെ ആവശ്യം. ചില നിയന്ത്രണങ്ങള്‍ അംഗീകരിക്കാം, പക്ഷേ ഉപരോധങ്ങള്‍ നീക്കണമെന്നാണ് ഇറാന്‍ നിലപാട്. 

⦿ ഉപരോധ ഇളവുകളും  മരവിപ്പിച്ച ആസ്തികളും

കേവലം വെടിനിര്‍ത്തല്‍ എന്നതിന് അപ്പുറം കാതലായ പല വിഷയങ്ങളും ഇറാന്‍ ഉന്നയിക്കുന്നുണ്ട്. എണ്ണ കയറ്റുമതിയിലുള്ള യു.എസ് ഉപരോധങ്ങള്‍ നീക്കുക, പെട്രോ കെമിക്കല്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, വിദേശ ബാങ്കുകളിലുള്ള മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, സമുദ്ര ഉപരോധങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് ഈ വിഷയത്തില്‍ ഇറാന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇവയില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകില്ലെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  2 hours ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  3 hours ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  3 hours ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  3 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  3 hours ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  10 hours ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  10 hours ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  11 hours ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  12 hours ago