ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വേയ്ക്ക് വീണ്ടും നിരാശ. കരുത്തുറ്റ പോരാട്ടവീര്യവുമായി കളംനിറഞ്ഞ ലോകകപ്പിലെ കറുത്ത കുതിരകളായ കേപ് വെർദെ ഉറുഗ്വേയെ 2-2 എന്ന സമനിലയിൽ തളച്ചു. ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച കേപ് വെർദെ, തങ്ങളുടെ ആ പ്രകടനം വെറുമൊരു അട്ടിമറിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു മിയാമിയിൽ കണ്ടത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെ ഉറുഗ്വേയുടെ ലോകകപ്പ് നോക്കൗട്ട് പ്രതീക്ഷകൾ കടുത്ത പ്രതിസന്ധിയിലായി.
അപ്രതീക്ഷിത ലീഡുമായി കേപ് വെർദെ; തിരിച്ചടിച്ച് ഉറുഗ്വേ
ആദ്യ മത്സരത്തിൽ സഊദി അറേബ്യയോടും സമനില വഴങ്ങിയ ഉറുഗ്വേ ടീമിൽ പരിശീലകൻ മാർസെലോ ബീൽസ സൂപ്പർ സ്‌ട്രൈക്കർ ഡാർവിൻ നുനെസിനെ ബെഞ്ചിലിരുത്തിയാണ് കളി തുടങ്ങിയത്. എന്നാൽ കളിയിൽ ആദ്യം ചിരിച്ചത് കേപ് വെർദെയായിരുന്നു. 21-ാം മിനിറ്റിൽ ലഭിച്ച ഒരു ലോംഗ് റേഞ്ച് ഫ്രീ കിക്ക് ഉറുഗ്വേ പ്രതിരോധ മതിലിന്റെ പിഴവ് മുതലെടുത്ത് കെവിൻ പിന വലയിലെത്തിച്ചതോടെ ലോകകപ്പ് അരങ്ങേറ്റക്കാർ അപ്രതീക്ഷിത ലീഡ് നേടി.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഉറുഗ്വേ ശക്തമായി തിരിച്ചുവന്നു.
44-ാം മിനിറ്റിൽ റോഡ്രിഗോ ബെന്റാൻകൂറിന്റെ സമ്മർദ്ദത്തിൽ കേപ് വെർദെ താരം ബോക്സിലേക്ക് ഹെഡ് ചെയ്ത പന്ത് കൃത്യമായി കണക്ട് ചെയ്ത് മാക്സി അറൗജോ ഉറുഗ്വേയ്ക്ക് സമനില ഗോൾ സമ്മാനിച്ചു.
ഒന്നാം പകുതിയുടെ അധിക സമയത്തിന്റെ അവസാന മിനിറ്റിൽ അറൗജോ നൽകിയ പാസ് സ്വീകരിച്ച് അഗസ്റ്റിൻ കനോബിയോ തൊടുത്ത തകർപ്പൻ വോളി കേപ് വെർദെ വല കുലുക്കിയതോടെ ഉറുഗ്വേ 2-1 ന് മുന്നിലെത്തി.
ഗോൾകീപ്പറുടെ പിഴവും വരേലയുടെ ഗോളും
രണ്ടാം പകുതിയിൽ ഉറുഗ്വേ കളി നിയന്ത്രിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 61-ാം മിനിറ്റിൽ ഉറുഗ്വേയുടെ 40 കാരനായ വെറ്ററൻ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്ത് പകരക്കാരനായി ഇറങ്ങിയ ഹീലിയോ വരേല ഒഴിഞ്ഞ വലയിലേക്ക് പന്തെത്തിച്ച് കേപ് വെർദെയ്ക്ക് വിലപ്പെട്ട സമനില ഗോൾ സമ്മാനിച്ചു.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ഉറുഗ്വേയ്ക്കായി വിജയഗോൾ നേടാൻ ആവതുശ്രമിച്ചെങ്കിലും ഫ്രീ കിക്ക് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു.
ഉറുഗ്വേയ്ക്ക് ഇനി 'ജീവന്മരണ പോരാട്ടം'
രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഉറുഗ്വേയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത് ഒഴിവാക്കാൻ അടുത്ത ശനിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ യൂറോപ്യൻ ശക്തികളായ സ്പെയിനെതിരെ വിജയം അനിവാര്യമാണ്. അതേസമയം രണ്ട് സമനിലകളോടെ രണ്ട് പോയിന്റുള്ള കേപ് വെർഡെയ്ക്ക് അവസാന മത്സരത്തിൽ സൗദി അറേബ്യയെ തോൽപ്പിക്കാനായാൽ ചരിത്രത്തിലാദ്യമായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."