തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകാൻ ടിവികെ സർക്കാർ തീരുമാനിച്ചു. 'തായ് മാമൻ ഗോൾഡ് റിങ് സ്‌കീം' എന്ന പേരിലാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി വിജയ്‍യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തായ് മാമൻ ഗോൾഡ് റിങ് സ്‌കീം പദ്ധതി. പുതിയ ജനക്ഷേമ പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി ടെൻഡർ നടപടികൾ അടിയന്തരമായി ആരംഭിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
ആർക്കൊക്കെ ലഭിക്കും?
മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനമായ 2026 ജൂൺ 22 മുതൽ ജനിക്കുന്ന എല്ലാ കുട്ടികളും ഈ പദ്ധതിക്ക് അർഹരായിരിക്കും.
പേരറിജ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ 2026 സെപ്റ്റംബർ 15-ന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
എന്താണ് 'തായ് മാമൻ'?
തമിഴ് സാംസ്കാരിക പാരമ്പര്യ പ്രകാരം നവജാത ശിശുവിന് അമ്മയുടെ സഹോദരൻ (അമ്മാവൻ) സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്ന ചടങ്ങാണ് 'തായ് മാമൻ സീർ'. ഈ പാരമ്പര്യത്തിൽ നിന്നാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇവിടെ സർക്കാർ തന്നെ ഒരു അമ്മാവന്റെ പദവി ഏറ്റെടുത്ത് കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകുന്നു എന്നതാണ് പ്രത്യേകത.
തമിഴ് സംസ്കാരം സംരക്ഷിക്കുന്നതിനൊപ്പം സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയൊരു പിന്തുണയായി ഈ പദ്ധതി മാറുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർട്ടിയുടെ 'വെട്രി തമിഴകം വിഷൻ ഡോക്യുമെന്റിലും' ഈ പദ്ധതിക്ക് മുൻഗണന നൽകിയിരുന്നു.
മുൻപും തമിഴ്‌നാട്ടിൽ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനങ്ങളിൽ പാർട്ടി പ്രവർത്തകർ കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം വിതരണം ചെയ്യാറുണ്ടായിരുന്നെങ്കിലും, കോടിക്കണക്കിന് രൂപ വകയിരുത്തി ഇതൊരു ഔദ്യോഗിക സർക്കാർ ക്ഷേമപദ്ധതിയായി നടപ്പിലാക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ്.
Tamil Nadu Chief Minister Vijay has launched the 'Thaai Maaman' (Maternal Uncle) scheme, under which gold rings will be gifted to newborn babies in government hospitals across the state. This welfare initiative aims to celebrate newborns and support families using public healthcare facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."