‘ഞാൻ തിരിച്ചെത്തിയിട്ടില്ല, കാരണം ഞാൻ എങ്ങും പോയിട്ടില്ല’; റൊണാൾഡോയുടെ പ്രഖ്യാപനത്തെ ട്രോളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്!
ഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിൽ ഉസ്ബക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നിൽ "ഞാൻ തിരിച്ചെത്തി" (I am back) എന്ന് ആക്രോശിച്ച പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിചിത്രമായ മറുപടിയുമായി മുൻ സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ആദ്യ മത്സരത്തിൽ ഡിആർ കോംഗോയ്‌ക്കെതിരെ നിരാശപ്പെടുത്തിയ റൊണാൾഡോ, ഉസ്ബക്കിസ്ഥാനെതിരെ ഇരട്ട ഗോളുകളോടെയാണ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു താരത്തിന്റെ വൈകാരികമായ പ്രതികരണം.
എന്നാൽ ഫോക്സ് സ്പോർട്സ് സ്റ്റുഡിയോയിലിരുന്ന് മത്സരം വിലയിരുത്തുകയായിരുന്ന ഇബ്രാഹിമോവിച്ച് റൊണാൾഡോയുടെ ഈ വാചകത്തെ ട്രോളുകയാണ് ചെയ്തത്. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വ്യത്യാസം കണക്കിലെടുക്കുമ്പോൾ ഉസ്ബക്കിസ്ഥാനെതിരെ പോർച്ചുഗൽ ജയിച്ചതിൽ അത്ഭുതമില്ലെന്ന് സ്ലാറ്റൻ പറഞ്ഞു.
"ധാരാളം ഗോളുകൾ നേടേണ്ട ഒരു മത്സരമായിരുന്നു അത്. റൊണാൾഡോയുടെ സന്ദേശത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം എപ്പോഴെങ്കിലും കളം വിട്ടുപോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. പിന്നെ എന്തിനാണ് അദ്ദേഹം 'ഞാൻ തിരിച്ചെത്തി' എന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല." സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പറഞ്ഞു.
മെസ്സിയുമായുള്ള പോരാട്ടം ‘ഗംഭീരം’ ആയിരിക്കും: റൊണാൾഡോ
മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച 41-കാരനായ റൊണാൾഡോയോട്, തന്റെ ദീർഘകാല എതിരാളിയായ ലയണൽ മെസ്സിയുമായി ഈ ലോകകപ്പിൽ ഒരു ഏറ്റുമുട്ടലിന് സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോൾ, ആ സാധ്യതയെ "അതിശയകരം" എന്നാണ് താരം വിശേഷിപ്പിച്ചത്. എന്നാൽ നിലവിൽ തന്റെ ശ്രദ്ധ മുഴുവൻ പോർച്ചുഗലിന്റെ അടുത്ത മത്സരങ്ങളിലാണെന്ന് റൊണാൾഡോ വ്യക്തമാക്കി.
ലക്ഷ്യം ഗ്രൂപ്പ് ഘട്ടം കടക്കൽ: "മെസ്സിയുമായുള്ള മത്സരത്തെക്കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ, അങ്ങനെ സംഭവിച്ചാൽ അത് ഗംഭീരമായിരിക്കും. എന്നാൽ ഇന്ന് ഏറ്റവും പ്രധാനം അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ജയിക്കുക എന്നതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടുക എന്ന ലക്ഷ്യം ഞങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു," റൊണാൾഡോ പറഞ്ഞു.
വിമർശകരോട് കലിപ്പിൽ സിആർ7 (CR7)
ആദ്യ മത്സരത്തിലെ സമനിലയ്ക്ക് ശേഷം തനിക്കും മുഖ്യ പരിശീലകൻ റോബർട്ടോ മാർട്ടിനെസിനും നേരെ ഉയർന്ന രൂക്ഷമായ പൊതുജന വിമർശനങ്ങളെക്കുറിച്ച് റൊണാൾഡോ മനസ്സ് തുറന്നു.
"ഇത് വളരെ കഠിനവും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു ആഴ്ചയായിരുന്നു. കളിക്കാരെക്കുറിച്ചും, പ്രത്യേകിച്ച് എന്നെയും പരിശീലകനെയും കുറിച്ചുമുള്ള വിമർശനങ്ങൾ വളരെ കഠിനമായിരുന്നു. എന്നാൽ എനിക്ക് അതിൽ പ്രശ്നമില്ല. ഞാൻ കഴിഞ്ഞ 23 വർഷമായി ഈ രംഗത്തുണ്ട്. കാര്യങ്ങൾ നന്നായി പോകുമ്പോൾ 'ക്രിസ്റ്റ്യാനോ മികച്ചവനാണ്' എന്ന് പറയും. എന്നാൽ ഒരു കളി മോശമായാൽ ഉടൻ 'ക്രിസ്റ്റ്യാനോയ്ക്ക് പ്രായമായി, അയാൾ വിരമിച്ചു' എന്ന് പറഞ്ഞ് തുടങ്ങും. അത് എപ്പോഴും അങ്ങനെ തന്നെയാണ്, എന്നാൽ ഇന്ന് ഞങ്ങൾ കളിക്കളത്തിൽ നന്നായി മറുപടി നൽകി."എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."