എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്
ദുബൈ: പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ എയർബസിന്റെ എ380 (Airbus A380) സൂപ്പർജംബോ വിമാനങ്ങളുടെ ചിറകുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര പരിശോധന പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ആകെ 16 വിമാനങ്ങളാണ് പരിശോധിക്കുക. ഇതിൽ 15 എണ്ണവും ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസിന്റെതാണ്. ബാക്കി ഒരു വിമാനം ഓസ്‌ട്രേലിയയുടെ ഫ്ലാഗ് കാരിയറായ ക്വാണ്ടാസ് എയർലൈൻസിന്റേതാണ്.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) നൽകിയ അടിയന്തിര എയർ യോഗ്യതാ നിർദ്ദേശങ്ങൾക്കനുസൃതമായി അടുത്ത 48 മണിക്കൂറിനുള്ളിൽ പരിശോധനകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാാക്കി.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധിക്കേണ്ട 16 വിമാനങ്ങളിൽ അഞ്ചെണ്ണം ഉടനടി തന്നെ കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കും. വിമാനങ്ങളുടെ സാങ്കേതിക സുരക്ഷ പൂർണ്ണമായും ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഇവ വീണ്ടും സർവീസിനായി വിട്ടുനൽകുകയുള്ളൂ. ഈ അടിയന്തിര പരിശോധനകൾ കാരണം വിമാന സർവീസുകളുടെ സമയക്രമത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് പരമാവധി ഒഴിവാക്കാൻ എയർബസുമായും ബന്ധപ്പെട്ട മറ്റ് വ്യോമയാന അധികാരികളുമായും ചേർന്ന് എമിറേറ്റ്സ് കൃത്യമായ ഏകോപനം നടത്തുന്നുണ്ട്.
വിമാനങ്ങൾ പറക്കുമ്പോൾ വായുപ്രവാഹത്തിന്റെ വലിയൊരു പങ്ക് പ്രതിരോധിക്കുന്നതും ചിറകിലൂടെ കടന്നുപോകുന്നതുമായ ഒരു പ്രധാന ഘടനാ ബീമിലാണ് വിള്ളലുകൾ കണ്ടെത്തിയത്. പതിവ് അറ്റകുറ്റപ്പണി പരിശോധനകൾക്കിടയിലാണ് ഈ തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കാൻ സാധ്യതയുള്ള ഇത്തരം വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിര നടപടികൾക്ക് ഉത്തരവിട്ടതെന്ന് എയർബസ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ A380 ഫ്ലീറ്റ്
നിലവിൽ ലോകത്ത് പറക്കുന്ന എയർബസ് A380 സൂപ്പർജംബോ വിമാനങ്ങളിൽ പകുതിയിലധികവും എമിറേറ്റ്സിന്റേതാണ്. ആഗോളതലത്തിൽ ഏറ്റവും വലിയ A380 ഫ്ലീറ്റുള്ള എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങൾ പൂർണ്ണമായി നവീകരിക്കുന്ന വലിയൊരു പ്രൊജക്റ്റിലാണ് ഇപ്പോൾ. ഏറ്റവും പുതിയ 'ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡുകളിൽ' ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി എമിറേറ്റ്സ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Emirates has initiated urgent inspections of its Airbus A380 aircraft within 48 hours following reports of wing crack concerns. The airline says safety remains its top priority as checks are carried out across the fleet.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."