"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
വാഷിങ്ടൺ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ആക്രോശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "എല്ലാവർക്കും നിങ്ങളെ മടുത്തു കഴിഞ്ഞു നെതന്യാഹു, എല്ലാ ജൂതർക്കും നിങ്ങളോട് വെറുപ്പാണ്," എന്ന് ട്രംപ് ഫോണിലൂടെ നെതന്യാഹുവിനോട് കയർത്തതായാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രമുഖ മാധ്യമപ്രവർത്തകരായ മാഗ്ഗി ഹെബെർമാൻ, ജോനാഥൻ സ്വാൻ എന്നിവർ സംയുക്തമായി രചിച്ച 'റെജിമെ ചേഞ്ച്; ഇൻസൈഡ് ദ ഇംപീരിയിൽ പ്രസിഡൻസി ഓഫ് ഡോണൾഡ് ട്രംപ്' എന്ന പുതിയ പുസ്തകത്തിലാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഈ വിവരങ്ങളുള്ളത്.
രണ്ടാം തവണയും യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഈ സംഭവം. 2025-ൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപും നെതന്യാഹും തമ്മിലുള്ള നാടകീയമായ ഫോൺ സംഭാഷണം നടന്നത്. യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥരായ സ്റ്റീവ് വിറ്റ്കോഫ്, ജെറാർഡ് കുഷ്നർ എന്നിവർ ഇസ്റാഈൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കിടെ ട്രംപ് ഇടപെടുകയായിരുന്നു. "ഈ കോളിൽ പങ്കുചേർന്നിട്ടുള്ള രണ്ട് ജൂതന്മാർക്ക് പോലും നിങ്ങളെ മടുത്തിരിക്കുകയാണ്" എന്ന് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി പുസ്തകം വ്യക്തമാക്കുന്നു.
ഗസ്സയിലെ ഇസ്റാഈൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്നും നഗരത്തിന്റെ പുനർനിർമാണം സാധ്യമാക്കണമെന്നും ട്രംപ് യുഎൻ ജനറൽ അസംബ്ലിയിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ഫോൺ കോൾ. ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള വാഷിങ്ടൺ കരാറിൽ നിന്ന് പിന്തിരിയാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായും പുസ്തകത്തിൽ പറയുന്നുണ്ട്. ഇസ്റാഈലിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച സുഹൃത്ത് താനാണെന്നും, എല്ലാവരും അവരെ വെറുത്തപ്പോഴും താൻ മാത്രമാണ് പിന്തുണച്ചതെന്നും ട്രംപ് ഓർമ്മിപ്പിച്ചു.
ഖത്തറിനെ പിന്തിരിപ്പിച്ച വ്യോമാക്രമണം
വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബർ ആദ്യവാരത്തിൽ ഇസ്റാഈൽ നടത്തിയ കനത്ത വ്യോമാക്രമണത്തെക്കുറിച്ചും പുസ്തകത്തിൽ നിർണായക പരാമർശങ്ങളുണ്ട്. ഏതാനും ഹമാസ് പോരാളികളെയും ഖത്തർ ഗാർഡുകളെയും വധിച്ചതല്ലാതെ, ഹമാസിന്റെ മുൻനിര നേതാക്കളെ വകവരുത്താൻ ഇസ്റാഈലിന് അന്ന് കഴിഞ്ഞിരുന്നില്ല. ഈ ആക്രമണത്തെത്തുടർന്നാണ്, ഹമാസ്-ഇസ്റാഈൽ ചർച്ചകളുടെ മധ്യസ്ഥതയിൽ നിന്ന് ഖത്തർ പിന്തിരിഞ്ഞതെന്ന് വിവിധ രാഷ്ട്രീയ നിരീക്ഷകരെ ഉദ്ധരിച്ച് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപും നെതന്യാഹുവും തമ്മിൽ വൻ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ശരിവെക്കുന്നതാണ് പുതിയ വിവരങ്ങൾ. ലെബനാനിലെ ഇസ്റാഈൽ സൈനിക നടപടിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ നെതന്യാഹുവിനെ താൻ 'ഭ്രാന്തൻ' എന്ന് വിളിച്ചതായി ട്രംപ് തന്നെ മുൻപ് സമ്മതിച്ചിരുന്നു. താൻ അല്പം ദേഷ്യത്തിലായിരുന്നതിനാലാണ് അങ്ങനെ സംസാരിക്കേണ്ടി വന്നതെന്നായിരുന്നു അന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് നൽകിയ മറുപടി.
a new book reveals a tense phone call where Donald Trump reportedly lashed out at Benjamin Netanyahu, telling him that everyone is tired of him and that all Jewish people hate him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."