ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു
ന്യൂഡൽഹി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ ഏക സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കാനുള്ള നടപടികളുമായി രാജസ്ഥാൻ സർക്കാരും. സംസ്ഥാനത്ത് യു.സി.സി നടപ്പാക്കുന്നതിനുള്ള കരട് നിയമം തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയാണ് സമിതിയുടെ അധ്യക്ഷ.
നേരത്തെ ഏക സിവിൽ കോഡ് പാസാക്കിയ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലും, നിലവിൽ നടപടികൾ പുരോഗമിക്കുന്ന മധ്യപ്രദേശിലും കരട് നിയമം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷയും ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയായിരുന്നു.
മതം, ജാതി എന്നിവയ്ക്ക് അതീതമായി വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിനിയമങ്ങളിൽ സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമായിരിക്കുമെന്നും രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കരട് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
വിവാഹവും വിവാഹമോചനവും നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
സംസ്ഥാനത്ത് ബഹുഭാര്യത്വം പൂർണ്ണമായി നിരോധിക്കും.
ലിവ്-ഇൻ ബന്ധങ്ങൾ നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കും.
പാരമ്പര്യ സ്വത്തുക്കളിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കും.
പുതിയ നിയമം സംസ്ഥാനത്ത് ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഏറെ സഹായകരമാകുമെന്നാണ് രാജസ്ഥാൻ മന്ത്രി ജോഗാറാം പട്ടേൽ വ്യക്തമാക്കുന്നത്.
2024 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡാണ് രാജ്യത്ത് ആദ്യമായി യു.സി.സി പാസാക്കിയത്. ഈ വർഷം ഗുജറാത്തും അസമും നിയമം നടപ്പിലാക്കിയിരുന്നു. മധ്യപ്രദേശ് സർക്കാർ രൂപീകരിച്ച സമിതിയുടെ കരട് നിയമ നിർമ്മാണവും നിലവിൽ അവസാന ഘട്ടത്തിലാണ്.
rajasthan on the path to uniform civil code, five-member committee formed to draft the law. The Rajasthan government has set up a five-member committee, headed by retired Supreme Court Judge Justice Ranjana Prakash Desai, to draft the Uniform Civil Code (UCC) for the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."