പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി
തിരുവനന്തപുരം: കുറച്ചു ദിവസങ്ങളായി കേരളത്തിലെ ജനാധിപത്യ സമൂഹത്തിൽ ആശങ്ക വർധിപ്പിച്ച് ഉത്കണ്ഠ പരത്തി നിൽക്കുന്ന വിഷയങ്ങളാണ് പി.എം ശ്രീ ഫണ്ടും ലഹരി കുറഞ്ഞ മദ്യത്തിന് തീരുവ കുറക്കുന്ന സർക്കാർ നീക്കവും. ഇടതു സർക്കാർ ഒപ്പിട്ട്, വിവാദമായപ്പോൾ സബ് കമ്മിറ്റിയുണ്ടാക്കി, ഏഴു മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ നിന്ന വിഷയത്തിലേക്കാണ് പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയൊരു സർക്കാർ വന്നു കയറുന്നത്. ഇതോടെ ഒപ്പിട്ടവർ മുങ്ങി; വന്നു കയറിയവർ പെട്ടു. മൂക്കിൽ കത്തിയിട്ട പോലെ വലിച്ചാലും മുറിയും വലിച്ചില്ലെങ്കിലും മുറിയുമെന്ന മട്ടിലായി വിഷയം.
പി.എം ശ്രീ 'നടപ്പിലാക്കുമെന്ന' യു.ഡി.എഫ് സർക്കാർ തീരുമാനം ഇടതുപക്ഷത്തിന് കൊയ്യം മറിഞ്ഞു രക്ഷപ്പെടാനുള്ള കുറുക്കുവഴി ആയെങ്കിലും വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായി പ്രതിപക്ഷം തീർത്ത വടംവലിയിൽ പ്രതിപക്ഷം നിലം പൊത്തുന്ന കാഴ്ചയാണുണ്ടായത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐലെ പി. പ്രസാദ് അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറയവെ, പൊതുവിദ്യഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ നടത്തിയ വിശദീകരണത്തിൽ അവർ തൃപ്തരായില്ല.
ഇടതു സർക്കാർ 2022ൽ തുടങ്ങീട്ടുണ്ട് പണം കൊതിച്ചുള്ള ഈ നീക്കം. ഇരു ചെവിയും നാലു ചുമരും അറിയാതെയാണ് എഴുത്ത് കുത്തുകൾ നടത്തിയത്. സർക്കാരിലോ മുന്നണിയിലോ ആലോചിച്ചില്ല. അതുകൊണ്ടാണ് മുന്നണിയിലെത്തന്നെ സി.പി.ഐ പൊട്ടിത്തെറിച്ചത്. അതേ പാർട്ടിയിൽപ്പെട്ട ആളാണ് നിയമസഭയിൽ ഇന്നലെ നോട്ടിസുമായി എത്തിയത് എന്നതിൽ വിദ്യാഭ്യാസ മന്ത്രിക്ക് കുണ്ഠിതമില്ല. കാര്യം, അവർ നേരത്തെതന്നെ പി.എം ശ്രീക്ക് എതിരായിരുന്നു.
പ്രമേയം അവതരിപ്പിച്ച പ്രസാദ് വാദിക്കുന്നത് ഇങ്ങനെ: ആർ.എസ്.എസ് പറയുന്നു, ഇത് അവരുടെ ആവശ്യമാണെന്ന്. എന്നിട്ടും സർക്കാർ എന്തിനിത്ര വേഗത കൂട്ടണം. കുട്ടികളിൽ ആർ.എസ്.എസ് വളർത്തണമെങ്കിൽ 'കേച്ച് ദം യങ് ' പദ്ധതി കൊണ്ട് വരണം. എൽ.ഡി.എഫ് സർക്കാർ ഒപ്പുവച്ചത് ശരി. ഭരണഘടനാ പ്രകാരമാണ് കരാറിൽ ഒപ്പുവയ്ക്കുന്നതെന്ന് 10 കൊല്ലം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത മുഖ്യമന്ത്രിക്ക് അറിയാത്തതാണോ? എം.ഒ.യു ഒപ്പുവച്ചാൽ പിന്നീട് അതൊട്ടും മാറ്റാനാവില്ലെന്നുണ്ടോ?'
വിദ്യാഭ്യാസ മന്ത്രിയുടെ മറുവാദം: ഇടത് മുന്നണിയോ മന്ത്രിസഭംഗങ്ങളോ പോലും അറിയാതെ ഇരുട്ടത്താണ് കേന്ദ്രവുമായി ഇങ്ങനെയൊരു ഉടമ്പടി ഉണ്ടാക്കിയത്. ഞങ്ങൾ അപ്പുറത്തിരുന്നു ഇതിന്റെ അപകടങ്ങൾ ചൂണ്ടിക്കാണിച്ചു. പക്ഷെ, നിങ്ങൾ കേട്ടില്ല. സി.പി.എം മുഖപത്രം ദേശാഭിമാനി ലീഡ് സ്റ്റോറിയായി കൊടുത്തത് 'പി.എം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക് ' എന്നായിരുന്നു. അത് കുട്ടികളുടെ അവകാശമാണ് എന്നും പത്രം എഴുതി. ഇനി ഞങ്ങളൊന്ന് തലയൂരാൻ നോക്കട്ടെ. കുടുങ്ങുന്നത് പോലെ എളുപ്പമല്ല, ഊരിപ്പോരുന്നത് '.
ബജറ്റ് ചർച്ച ക്രോഡീകരിച്ച് മറുപടി പറയവെ, വിദ്യാഭ്യാസ മന്ത്രിക്ക് പിറകെ മുഖ്യമന്ത്രിയും വന്നു പി.എം ശ്രീയിലേക്ക്:
ആർ.എസ്.എസിന്റെ വിഷ സർപ്പത്തിന് വിളക്കു വയ്ക്കാനാണ് ഞങ്ങൾ പി.എം ശ്രീയിലൂടെ ശ്രമിക്കുന്നതെന്നാണ് നിങ്ങളിപ്പോൾ പറയുന്നത്. ഒളിച്ചുകടത്തി അതിൽ ഒപ്പുവയ്ക്കുമ്പോൾ ഓർമയില്ലായിരുന്നോ ആർ.എസ്.എസിന്റെ വിഷ സർപ്പത്തിന് മുമ്പിലാണ് വിളക്ക് വയ്ക്കുന്നതെന്ന്. എന്നിട്ട് നിങ്ങളത് തിരുത്തിയോ? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു ഉപ സമിതിയുണ്ടാക്കി. ഏഴു മാസമായിട്ടും ഉപസമിതി കൂടിയില്ല, മിണ്ടിയില്ല. ഞങ്ങളും ഒരു ഉപസമിതി ഉണ്ടാക്കീട്ടുണ്ട്. കുറച്ചു ദിവസങ്ങളെ ആയുള്ളൂ. വൈകാതെ ഒരു തീരുമാനമുണ്ടാവും. അതിന്റെ കരിക്കുലത്തിൽ ആർ.എസ്.എസിന്റെ അജൻഡ തൊടാൻ സമ്മതിക്കില്ല; ഉറപ്പാണ് '.
പ്രതിപക്ഷത്തെ കുടഞ്ഞ് കത്തിക്കയറുന്ന മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തുന്നതിന്, മുൻ ധനമന്ത്രി കൂടിയായ ബാലഗോപാലിന്റെ ഇടപെടലിന്, മുഖ്യമന്ത്രി വഴങ്ങിയില്ല. സ്പീക്കർ ഇടപെട്ടിട്ടും ബാലഗോപാലും വഴങ്ങാതെയായപ്പോൾ ' യു ഹാവ് നൊ റൈറ്റ് ടു ഇന്ററപ്റ്റ് ' എന്ന മുഖ്യ മന്ത്രിയുടെ പ്രയോഗം സഭാതലം വീണ്ടും പ്രക്ഷുബ്ധമാക്കി. നിശബ്ദനായി എല്ലാം കേട്ട് കൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് ചോദിച്ചു ' ഒന്നേ ഞങ്ങൾക്ക് അറിയേണ്ടതുള്ളൂ പി.എം ശ്രീ മരവിപ്പിക്കില്ലേ ?'
ഉടനെ വന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം; മരവിപ്പിക്കാൻ വേണ്ടിയായിരുന്നോ ഒപ്പുവച്ച് വിട്ടത് ? എന്തിന് ഒപ്പുവച്ചു എന്ന എന്റെ ചോദ്യത്തിന് അങ്ങ് മറുപടി പറഞ്ഞില്ലല്ലോ.'
' മറ്റേ ഫണ്ട് കിട്ടണമായിരുന്നു' എന്നായി പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിന്റെ കൃത്യതയില്ലാത്ത മറുപടികൾ ഭരണ ബെഞ്ചിൽ പരിഹാസ പ്രകടനങ്ങൾക്ക് വഴിയൊരുക്കി.
കുറച്ചു ദിവസങ്ങളായി വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചെന്ന് തനിക്കെതിരേ വ്യാപക പ്രചാരണം നടത്തുന്നവരെയും മുഖ്യമന്ത്രി വിട്ടില്ല. ബക്കാർഡി കമ്പനിയിൽനിന്ന് തനിക്കെന്തു കിട്ടി എന്ന് ചോദിക്കുന്നവരോട്, ഒന്നാം പിണറായി സർക്കാരിന്റെ കാലം തൊട്ട് തുടങ്ങിയ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച രേഖകൾ നിരത്തി വച്ച് മുഖ്യമന്ത്രി പ്രതികരിച്ചു; 10 കൊല്ലം ഭരിച്ച അപ്പുറത്തിരിക്കുന്നവരോട് ഞാൻ തിരിച്ചു ചോദിക്കുന്നു; നികുതി കുറക്കുക മാത്രമല്ല അതിനു വേണ്ടി നിയമഭേദഗതി വരെ നടത്തിയവരാൻ നിങ്ങൾ. എന്നിട്ട് എന്തുകിട്ടി, ജോണി വാക്കറിൽനിന്നും ഷിവാസ് റീഗളിൽനിന്നും. സർ, ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ 28 ബാറുകളാണ് കേരളത്തിലുണ്ടായിരുന്നത്. അദ്ദേഹം ഇറങ്ങിപ്പോകുമ്പോൾ അത് തൊള്ളയിരത്തിൽ അധികമായി' !
പ്രവാസികളെ കബളിപ്പിച്ച് ഇറങ്ങിപ്പോയവർ അപ്പുറത്തിരിക്കുന്നു എന്ന മുഖവുരയോടെ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച നജീബ്, മുഖ്യമായും ഊന്നിയത് അവരുടെ ക്ഷേമനിധി പെൻഷനിലാണ്. ഏഴേമുക്കാൽ ലക്ഷത്തിലധികമാണ് പ്രവാസി പെൻഷൻ അപേക്ഷകർ. കിട്ടുന്നവരാകട്ടെ ഒരു ലക്ഷത്തിനു താഴെയും. കാല താമസമില്ലാതെ അപേക്ഷകൾ പരിഗണിക്കണം. തുക 5000 രൂപയെങ്കിലും ആക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നടപടിക്രമം ലഘുവും സുതാര്യവുമാക്കണം. നജീബിന്റെ ആവശ്യങ്ങളെ അനിവാര്യ പരിഹാര പട്ടികയിൽ ചേർക്കും മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."