കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു
കോഴിക്കോട്: ശുദ്ധമായ കുടിവെള്ള ലഭ്യത കുറയുന്നു. ഇതുമൂലം ജലജന്യ രോഗങ്ങൾ കൂടുന്നു. വയറിളക്കം, ഷിഗെല്ല, മഞ്ഞപ്പിത്തം, അമീബിക് മസ്തിഷ്‌കജ്വരം തുടങ്ങിയ രോഗങ്ങളാണ് വർധിക്കുന്നത്. ആരോഗ്യ രംഗത്ത് ഒന്നാമതെന്ന് മേനി പറയുമ്പോഴും ജീവിതശൈലീ രോഗങ്ങളും വിവിധതരം പകർച്ചവ്യാധികളും വർധിക്കുകയാണ്.
ശുദ്ധജലലഭ്യത കുറയുന്നുവെന്നാണ് കണക്കുകൾ. 62 ശതമാനം ജനങ്ങളും ഇപ്പോഴും കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മലിനജലം കൈകാര്യം ചെയ്യുന്നതിന് കേരളത്തിൽ സംവിധാനമില്ല. കേന്ദ്ര സർക്കാറിന്റെ അമൃത് പദ്ധതിയിൽ മലിനജല സംസ്‌കരണ കേന്ദ്രങ്ങൾ വിഭാവനം ചെയ്‌തെങ്കിലും നടപ്പാക്കാൻ കഴിയാതെ പോയെന്ന് 2025ലെ സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
2024ൽ വിവിധതരം മഞ്ഞപ്പിത്തം ബാധിച്ചവർ മുപ്പതിനായിരത്തിലേറെ പേരാണ്. 102 പേർ മരിച്ചു. ഹെപ്പറ്റൈറ്റിസ് എ യിൽ മാത്രം 5980 കേസുകളുണ്ടായി. 96 പേരാണ് മരിച്ചത്. 2025ൽ 31536 പേരെ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചു. 82 മരണവും രേഖപ്പെടുത്തി. വയറിളക്കം ബാധിച്ചത് അഞ്ചു ലക്ഷത്തിലേറെ പേർക്കാണ്. 12 പേർ മരിച്ചു. 2024ൽ ഷിഗെല്ല ബാധിച്ച 121ൽ ഒരാൾ മരിച്ചപ്പോൾ ഈ വർഷം ജൂണിൽ മാത്രം 140 പേർക്ക് ബാധിച്ചു. ആറുപേർ മരിച്ചു. ഏപ്രിൽ മെയ് മാസങ്ങളിലായി 40 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം ഈ ജൂണിൽ 13പേരെ ബാധിച്ചു. നാലു പേർ മരിച്ചു. മേയിൽ 29 പേരെ രോഗം ബാധിച്ചു. 14 പേർ മരിച്ചു. കിണർ വെള്ളം കുളം എന്നിവിടങ്ങളിലെ മലം അടക്കം മാലിന്യങ്ങളുടെ സാന്നിധ്യമാണ് ഈ രോഗത്തിന് കാരണം.
2024ൽ ഡെങ്കിപ്പനി 20674 പേർക്ക് സ്ഥിരീകരിച്ചു. 53536 പേർ ലക്ഷണങ്ങളോടെ വന്നു. ഇതിൽ 141 പേർ മരിച്ചു. 952 പേർക്ക് മലേറിയയും 29 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച 100ൽ 33 പേര് ആ വർഷം മരിച്ചു. വർഷം 5000-6000 പേർക്കാണ് എലിപ്പനി ബാധിക്കുന്നത്. 2024ൽ 5980 പേർക്ക് എലിപ്പനി ബാധിച്ചു. 394 പേർ മരിച്ചപ്പോൾ 2023ൽ 5186 പേർക്ക് രോഗം ബാധിച്ചു. മരിച്ചത് 282 പേരാണ്. 2026ൽ ജൂണിൽ 21 ദിവസങ്ങൾക്കിടെ എലിപ്പനി ബാധിച്ച് നാലുപേർ മരിച്ചു. രോഗം ബാധിച്ചത് 206 പേർക്കാണ്. സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിന്റെ പഠനത്തിൽ 70 ശതമാനം കിണർ വെള്ളത്തിലും മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ പഠനത്തിൽ 73 ശതമാനം കിണറുകളിലാണ് മലമാലിന്യം കണ്ടത്. ചെറിയ പുരയിടങ്ങളിൽ സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ മതിയായ അകലം പാലിക്കാൻ കഴിയുന്നില്ലെന്നതാണ് കിണർവെള്ളം മലിനമാകാൻ പ്രധാന കാരണം. പ്രാദേശിക തലത്തിലെ ജലവിതരണ പദ്ധതികളിലും വെള്ളം മാലിന്യമുക്തമാക്കാൻ പര്യാപ്തമായ ഒന്നും ചെയ്യുന്നില്ലെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."