പ്ലസ് വണ്‍: മൂന്നാം അലോട്ട്‌മെന്റായി; 1.33 ലക്ഷം വിദ്യാർഥികൾ പുറത്ത്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാനത്തെ മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 81,770 കുട്ടികൾക്ക് പുതിയതായി അലോട്ട്‌മെന്റായിട്ടുണ്ട്. 58,042 പേര്‍ക്ക് ഹയര്‍ അലോട്ട്‌മെന്റ് ലഭിച്ചു. ആകെയുള്ള അപേക്ഷകരില്‍ 3,11,204 പേര്‍ക്കാണ് ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചത്. അപേക്ഷിച്ചവരില്‍ 1,33,773 പേർ പ്രവേശനം ലഭിക്കാതെ പുറത്തായി. സപ്ലിമെന്ററിക്കായി 5,922 സീറ്റുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്.
4,44,772 അപേക്ഷകളാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനായുണ്ടായിരുന്നത്. രണ്ടാം അലോട്ട്‌മെന്റ് വരെ വിവിധ കാരണങ്ങളാല്‍ 10,431 പേര്‍ പ്രവേശനം നേടിയിരുന്നില്ല. മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനങ്ങള്‍ ഒഴിവാക്കിയാല്‍ പുറത്തായ അപേക്ഷകരുടെ എണ്ണം വലിയതോതില്‍ കുറയുമെന്നാണ് വിദ്യാഭ്യാസരംഗത്തുള്ളവർ പറയുന്നത്.
നിലവില്‍ ഒഴിവുള്ള സീറ്റുകള്‍ ഭൂരിഭാഗവും ജനറല്‍ വിഭാഗത്തിലാണ്. 5,356 സീറ്റുകള്‍. വിവിധ അലോട്ട്‌മെന്റുകള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജനറല്‍ മെറിറ്റിലേക്ക് മാറിതോടെയാണ് ഇത്രയും സീറ്റുകള്‍ ഒഴിവുവന്നത്. ഇത് സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കാണ് മാറ്റിവയ്ക്കുക. ഇതിനൊപ്പം ഈഴവ തിയ്യ, ബില്ലവ വിഭാഗത്തില്‍ -71, മുസ് ലിം-59, ലാറ്റിന്‍ കാത്തലിക്-8, ക്രിസ്ത്യന്‍ ഒ.ബി.സി-11, ഹിന്ദു ഒ.ബി.സി-29, എസ്.സി- 75, എസ്.ടി-16, ഭിന്നശേഷിക്കാര്‍-216, കാഴ്ചപരിമിതര്‍-12, ഭാഷാ ന്യൂനപക്ഷം-2, ധീവര-1, വിശ്വകര്‍മ-20, കുശവന്‍-4, കുഡുംബി-1, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍- 28, ഒ.ഇ.സി-13 എന്നിങ്ങനെയും ഒഴിവുണ്ട്. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഇത് ഉപയോഗിക്കും.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 4,939 സീറ്റുകളില്‍ അലോട്ട്‌മെന്റായി. ഇനി 3,251 സീറ്റുകള്‍ ഒഴിവുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 1,198 അലോട്ട്‌മെന്റായി. 331 സീറ്റുകളാണ് ഒഴിവുള്ളത്.
മൂന്നാംഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്ന് രാവിലെ 11 മുതല്‍ ജൂലൈ മൂന്ന് വൈകിട്ട് 5 വരെ പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ജൂലൈ ആറിന് ക്ലാസുകള്‍ ആരംഭിക്കും. 13നാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."