ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്
കോഴിക്കോട്: പുതിയ ക്രൂലിങ്ക് പരിഷ്കാരത്തിനെതിരേ പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ പാലക്കാട് ഡിവിഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലാപുരം, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് ഡിപ്പോകളിലെ ജീവനക്കാരാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് പാലക്കാട് ഡി.ആര്‍.എം ഓഫിസിന് മുമ്പിലാണ് സമരം നടക്കുക.
തുടര്‍ച്ചയായ നൈറ്റ്ഡ്യൂട്ടികളുടെ എണ്ണം പരമാവധി രണ്ടായി കുറയ്ക്കുക, എക്‌സ്പ്രസ് ട്രെയിനുകള്‍ മെയില്‍ ലിങ്കുകള്‍ വഴിയാക്കുക, പാസഞ്ചര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ മെയില്‍ ലിങ്കുകള്‍ വഴിയാക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് സമരം. ലോക്കോ പൈലറ്റുമാര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ രജിസ്റ്റര്‍ ചെയ്തുവയ്ക്കുന്ന ലീവുകള്‍ പോലും പലപ്പോഴും നിഷേധിക്കുകയാണ്. 30 ശതമാനം ലീവ് റിസര്‍വ് എന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ് അനുവദിക്കുന്നത്. പല അടിയന്തരഘട്ടങ്ങളിലും ലീവ് നിഷേധിക്കുകയും ചെയ്യുന്നു. പലരും പല അവസരങ്ങളിലും അസുഖം പിടിപെട്ട് മരുന്ന് കഴിച്ച് ജോലിക്ക് ഹാജരായ സന്ദര്‍ഭങ്ങളുണ്ട്.
അതിനിടെ ദുരന്തോ, ജനശതാബ്ദി പോലുള്ള അതിവേഗ ട്രെയിനുകളില്‍ പരിചയം കുറഞ്ഞ ജൂനിയര്‍ പാസഞ്ചര്‍ ലോക്കോ പൈലറ്റുമാരെയും ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെയും വച്ച് ജോലി ചെയ്യിച്ച് തസ്തിക വെട്ടിക്കുറയ്ക്കുകയും ചെയ്തു. അനുവദിച്ച 92 ലോക്കോ പൈലറ്റ് മെയില്‍/എക്‌സ്പ്രസ്(എല്‍.പി.എം) 82 ആക്കിയാണ് വെട്ടിക്കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."