തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് പിന്നാലെയുണ്ടായ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ പൊലിസിൽ പരാതി. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് മ്യൂസിയം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരായ വനിതാ കൗൺസിലർമാരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നഗരസഭാ കൗൺസിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ് - ബിജെപി കൗൺസിലർമാർ തമ്മിൽ കടുത്ത സംഘർഷവും കയ്യാങ്കളിയും ഉണ്ടായത്. കാപ്പാ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ രാജിയാവശ്യപ്പെട്ട് യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടയിൽ അജണ്ടകൾ അതിവേഗം പാസാക്കിയതായി മേയർ പ്രഖ്യാപിക്കുകയും മേയറുടെ കസേരയിൽ നിന്ന് എഴുന്നേറ്റു പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹാജർ രജിസ്റ്ററിനെച്ചൊല്ലിയുള്ള തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. രജിസ്റ്ററിനായുള്ള പിടിവലിക്കിടെ കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥനും ബിജെപിയുടെ ചെമ്പഴന്തി ഉദയനും തമ്മിൽ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ജയിലിലുള്ള ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ് ചെമ്പഴന്തി ഉദയൻ ഹാജർ രജിസ്റ്റർ ബലമായി പിടിച്ചുവാങ്ങിയതെന്നും, ഇതിനിടയിൽ വനിതാ കൗൺസിലർമാരെ ബിജെപി അംഗങ്ങൾ മർദ്ദിച്ചെന്നുമാണ് യുഡിഎഫിന്റെ ആക്ഷേപം.
എന്നാൽ, ഹാജർ രജിസ്റ്റർ നശിപ്പിക്കാനും അതിൽ വെള്ളമൊഴിക്കാനുമാണ് യുഡിഎഫ് കൗൺസിലർമാർ ശ്രമിച്ചതെന്ന് മേയർ ആരോപിച്ചു. കോർപ്പറേഷൻ ഹാളിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിൽ കനത്ത പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
A physical confrontation broke out at the Thiruvananthapuram City Corporation council meeting between BJP and Congress (UDF) councillors. Following the scuffle, female Congress councillors filed a formal complaint alleging that they were verbally abused and physically assaulted by BJP members when they approached the desk to sign the attendance register.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."