കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം
കൊച്ചി: കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു. ആന ജനവാസ മേഖലയിലിറങ്ങിയത് മുതല്‍ പരിക്കേറ്റതും പോസ്റ്റ്‌മോര്‍ട്ടം വരെയുള്ളതുമായ മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനക് ട്രസ്റ്റ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ. പി. പുകഴേന്തി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ആനയെ മയക്കുവെടി വച്ച നടപടികളില്‍ കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും പരാതിയില്‍ ആരോപണമുണ്ട്.
പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളില്‍ നിരന്തരം നാശനഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ച് ആനയെ മയക്കുവെടി വച്ചത്. തുടര്‍ന്ന് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം കരിമ്പാനി വനമേഖലയിലേക്ക് തുറന്നുവിടുകയായിരുന്നു. തുടര്‍ നിരീക്ഷണത്തിനായാണ് റേഡിയോ കോളര്‍ ഘടിപ്പിച്ചത്.
എന്നാല്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഒരേ സ്ഥലത്ത് തന്നെ തുടര്‍ച്ചയായി കാണിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് വാച്ചര്‍മാരും ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മറ്റ് കാട്ടാനകളുമായുള്ള ഏറ്റുമുട്ടലാണോ അതോ വാര്‍ധക്യസഹജമായ അസുഖങ്ങളാണോ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."