ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും
ഡബ്ലിൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും വിരമിച്ചതിന് ശേഷം പുതിയ കരിയർ പര്യവേഷണങ്ങളിലേക്ക് കടന്ന് ഇന്ത്യൻ ഇതിഹാസ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐസിസി (ICC) പുതുതായി അനുമതി നൽകിയ ഫ്രാഞ്ചൈസി ടൂർണമെന്റായ യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ (ETPL) ഉദ്ഘാടന സീസണിൽ 'ഡബ്ലിൻ ഗാർഡിയൻസ്' ടീമിന്റെ ക്യാപ്റ്റനായും മെന്ററായും അശ്വിനെ പ്രഖ്യാപിച്ചു.
മുൻ ഇന്ത്യൻ നായകനും മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡബ്ലിൻ ഗാർഡിയൻസ് ഫ്രാഞ്ചൈസി. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വിജയങ്ങൾ സമ്മാനിച്ച ദ്രാവിഡ്-അശ്വിൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡബ്ലിനിൽ നടന്ന ചടങ്ങിൽ, താൻ ടീമിന്റെ ദൈനംദിന കാര്യങ്ങളിലോ ഡഗൗട്ടിലോ സജീവമായി ഉണ്ടാകില്ലെന്നും, അശ്വിന് അനുയോജ്യമായ രീതിയിൽ ടീമിനെ നയിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
അശ്വിന്റെ വിദേശ ലീഗ് യാത്രകൾ
2024 ഡിസംബറിലെ രാജ്യാന്തര വിരമിക്കലിനും 2025-ലെ തന്റെ അവസാന ഐപിഎൽ സീസണിനും ശേഷം പൂർണ്ണമായും വിദേശ ലീഗുകളിലാണ് അശ്വിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
- ബിഗ് ബാഷ് ലീഗ് (BBL): 2025-ൽ സിഡ്നി തണ്ടേഴ്സുമായി കരാറൊപ്പിട്ട് ബിബിഎല്ലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി അശ്വിൻ മാറിയിരുന്നു. എന്നാൽ പരിക്ക് മൂലം അന്ന് കളിക്കാനായില്ല.
- മേജർ ലീഗ് ക്രിക്കറ്റ് (MLC): 2026-ന്റെ തുടക്കത്തിൽ അമേരിക്കൻ ലീഗായ എംഎൽസിയിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിന് വേണ്ടി കളിച്ച് ചരിത്രം സൃഷ്ടിച്ചു.
- യൂറോപ്യൻ ടി20 ലീഗ് (ETPL): ഇപ്പോൾ യൂറോപ്യൻ മണ്ണിൽ ക്യാപ്റ്റനും മെന്ററുമായി ഇരട്ട വേഷത്തിൽ പുതിയ തുടക്കം കുറിക്കുന്നു.
വമ്പൻ താരനിരയുമായി യൂറോപ്യൻ ലീഗ്
ആംസ്റ്റർഡാം, ബെൽഫാസ്റ്റ്, എഡിൻബർഗ്, ഗ്ലാസ്‌ഗോ, റോട്ടർഡാം, ഡബ്ലിൻ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ ടൂർണമെന്റ് നടക്കുന്നത്. അശ്വിന് പുറമെ സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ്, ടിം ഡേവിഡ്, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ സാന്റ്നർ, ഫാഫ് ഡു പ്ലെസിസ്, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ ആഗോള ട്വന്റി-20 സൂപ്പർ താരങ്ങളും വിവിധ ഫ്രാഞ്ചൈസികൾക്കായി പാഡ് കെട്ടുന്നുണ്ട്.
റെക്കോർഡുകളുടെ തമ്പുരാൻ യൂറോപ്പിലേക്ക്
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കരിയർ റെക്കോർഡുകളുമായാണ് അശ്വിൻ യൂറോപ്പിലെത്തുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനാണ് ആർ. അശ്വിൻ.
ടെസ്റ്റ് ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബൗളേഴ്സിൽ അനിൽ കുംബ്ലെയ്ക്ക് (619) പിന്നിൽ രണ്ടാമതാണ്. കൂടാതെ 3,503 റൺസും (6 സെഞ്ച്വറി) നേടിയിട്ടുണ്ട്. ടെസ്റ്റിൽ 500 വിക്കറ്റും 5 സെഞ്ച്വറിയും നേടിയ ഏക താരവുമാണ്.
ഏകദിനത്തിൽ 116 മത്സരങ്ങളിൽ നിന്ന് 156 വിക്കറ്റുകൾനേടിയിട്ടുണ്ട്. 2011 ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി വിജയങ്ങളിൽ നിർണായക പങ്കാളിയായിരുന്നു.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 65മത്സരങ്ങളിൽ നിന്ന് 72വിക്കറ്റുകൾ മികച്ച ഇക്കോണമിയിൽ നേടിയിട്ടുണ്ട് ഇന്ത്യൻ നിരയിലെ ഈ വിശ്വസ്തൻ.
തന്റെ തന്ത്രപരമായ ക്രിക്കറ്റ് ബുദ്ധികൊണ്ട് ഡബ്ലിൻ ഗാർഡിയൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിക്കാൻ അശ്വിന് സാധിക്കുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."