തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂർണ്ണരൂപം കോൺഗ്രസ് പുറത്തുവിട്ടു. 23 പ്രതിപക്ഷ പാർട്ടി നേതാക്കളും ഒരു സ്വതന്ത്ര എം.പിയും ഒപ്പിട്ട ആറ് പേജുള്ള കത്താണ് പുറത്തുവിട്ടത്. അസാധാരണ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന് ഇത്തരമൊരു കത്തെഴുതുന്നതെന്നും രാജ്യത്തെ ജനാധിപത്യം നേരിടുന്ന ഗുരുതര പ്രതിസന്ധി കണക്കിലെടുത്താണ് ഈ അസാധാരണ നടപടിയെന്നും കത്തിൽ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുകയാണെന്ന പ്രതിപക്ഷത്തിന്റെ പരാതികളോട് പ്രതികരിക്കുന്നതിൽ കോടതി പരാജയപ്പെട്ടാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സമ്പൂർണ്ണ തകർച്ചയ്ക്ക് വഴിവെക്കുമെന്ന് ഇന്ത്യ സഖ്യം മുന്നറിയിപ്പ് നൽകുന്നു.
"എല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോഴും ജനങ്ങൾ ഇപ്പോഴും കോടതിയിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. എന്നാൽ കോടതിയും ഇതിനോട് പ്രതികരിക്കാതിരുന്നാൽ അത് ജനാധിപത്യത്തിന്റെ പൂർണ്ണ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. നിയമനിർമ്മാണ സ്ഥാപനങ്ങൾ പരാജയപ്പെടുമ്പോൾ ജനാധിപത്യം അരാജകത്വത്തിലേക്ക് നീങ്ങും." കത്തിൽ പറയുന്നു.
കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കോടതിയെ ചോദ്യം ചെയ്യുകയല്ല തങ്ങളുടെ ലക്ഷ്യം. എല്ലാ വാതിലുകളും അടയുമ്പോഴാണ് ജനങ്ങൾ കോടതിയെ സമീപിക്കുന്നത്. എന്നാൽ നീതിന്യായ വ്യവസ്ഥയും കൈവിട്ടാൽ തങ്ങൾ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണ് കത്തിലൂടെ പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ മാസം 28-നാണ് കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ സുപ്രിം കോടതി അടിയന്തരമായി ഇടപെടണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൂർണ്ണമായ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പരസ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The opposition INDIA alliance has written a letter to the Chief Justice of India expressing deep concern over alleged election rigging. In the letter, the alliance raises a critical question regarding the loss of faith in democratic institutions, asking what options remain for them if even the judiciary fails to intervene and protect fair electoral practices.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."