മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി
മുംബൈ: മുംബൈ സർവകലാശാലയിലെ പരീക്ഷാ മൂല്യനിർണ്ണയത്തിൽ ഗുരുതര വീഴ്ച. അവസാന വർഷ നിയമ വിദ്യാർഥികളുടെ പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ 29 ഓളം വിദ്യാർഥികൾക്കാണ് പൂജ്യം മാർക്ക് ലഭിച്ചത്. സർവകലാശാലയുടെ മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാമിലെ ആറാം സെമസ്റ്റർ പരീക്ഷയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചത്. ഭൂരിഭാഗം ചോദ്യങ്ങൾക്കും ശരിയായി ഉത്തരമെഴുതിയ തങ്ങൾക്ക് പൂജ്യം മാർക്ക് ലഭിച്ചതോടെ വിദ്യാർഥികൾ വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെടുകയും 48 മണിക്കൂറിനുള്ളിൽ പുനർമൂല്യനിർണ്ണയം നടത്തി സർവകലാശാല പുതിയ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.
പരീക്ഷാ ഫലത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ തങ്ങളുടെ ഉത്തരക്കടലാസുകളുടെ പകർപ്പ് ആവശ്യപ്പെട്ടതോടെയാണ് സർവകലാശാലയുടെ വൻ വീഴ്ച പുറത്തായത്. പല പേപ്പറുകളിലും ഭൂരിഭാഗം ഉത്തരങ്ങളും മൂല്യനിർണ്ണയം നടത്തിയിട്ടേയില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
"എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരമെഴുതിയ എൻ്റെ പേപ്പറിൽ വെറും മൂന്ന് ഉത്തരങ്ങൾ മാത്രമാണ് അധ്യാപകർ പരിശോധിച്ചത്. അതിന്റെ ഫലമായി ഒൻപത് മാർക്കാണ് എനിക്ക് ലഭിച്ചത്. ആദ്യ അഞ്ച് സെമസ്റ്ററുകളിലും മികച്ച മാർക്ക് വാങ്ങിയ തനിക്ക് അവസാന സെമസ്റ്ററിൽ എങ്ങനെ പൂജ്യം ലഭിക്കും?"എന്ന് ഒരു വിദ്യാർഥി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ ഈ അനാസ്ഥ കാരണം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന സാധ്യത മങ്ങുമെന്നും, ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയിലായിരുന്നു വിദ്യാർഥികൾ.
സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ ഫലപ്രഖ്യാപനത്തിനെതിരെ വിദ്യാർഥികൾ ആദ്യം സർവകലാശാലയുടെ തന്നെ പരീക്ഷാ-മൂല്യനിർണ്ണയ ബോർഡിനെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് ഇവർ യുവസേന പ്രതിനിധികളെയും സർവകലാശാല സെനറ്റ് അംഗങ്ങളെയും സമീപിച്ചത്.
വിദ്യാർഥികളുടെയും സെനറ്റ് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ പ്രോ-വൈസ് ചാൻസലർ അജയ് ഭാമ്ര വിഷയത്തിൽ ഇടപെടുകയും ഉത്തരക്കടലാസുകൾ അടിയന്തരമായി പുനർമൂല്യനിർണ്ണയം നടത്താൻ ഉത്തരവിടുകയുമായിരുന്നു.
പ്രതിഷേധം ശക്തമായതോടെ റെക്കോർഡ് വേഗതയിലാണ് സർവകലാശാല തെറ്റ് തിരുത്തിയത്. വെറും 48 മണിക്കൂറിനുള്ളിൽ പുനർമൂല്യനിർണ്ണയം പൂർത്തിയാക്കി സർവകലാശാല പുതുക്കിയ ഫലം പ്രഖ്യാപിച്ചു. ജൂലൈ 1-ഓടെ വിദ്യാർഥികളുടെ ഫലങ്ങളിലെ പിഴവ് തിരുത്തുകയും ജൂലൈ 2-ന് ഇത് ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി സർവകലാശാല ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
A major evaluation blunder was reported at Mumbai University, where 29 law students were initially awarded zero marks in their exams. Following intense protests from the aggrieved students and student organizations, the university administration acknowledged the mistake and rectified the results within 48 hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."