ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ വ്യാപിച്ചതോടെ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വി.പി.എൻ) സേവന കമ്പനികൾ നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ. വി.പി.എൻ സേവനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസികളിൽനിന്നുള്ള അഭ്യർഥനകൾക്ക് വേഗത്തിൽ പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ രാജ്യത്ത് കംപ്ലയൻസ് ഓഫിസർമാരെയോ അംഗീകൃത പ്രതിനിധികളെയോ നിയമിക്കണമെന്നും നിയമം അനുശാസിക്കുന്ന രേഖകൾ സൂക്ഷിക്കാനും കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഒരു ഉപഭോക്താവ് സേവനം ഉപയോഗിക്കുന്നത് നിർത്തിയതിനു ശേഷവും കുറഞ്ഞത് അഞ്ച് വർഷത്തേക്ക് അവരുടെ രേഖകൾ സൂക്ഷിക്കണം.
പേര്, വിലാസം, ഇ-മെയിൽ, ഐ.പി വിലാസം, എത്രകാലം വി.പി.എൻ ഉപയോഗിച്ചു, സേവനം ഉപയോഗിക്കാനുള്ള കാരണം എന്നിവ രേഖകളിൽ ഉണ്ടായിരിക്കണം. ഈ രേഖകൾ നിയമപരമായ അന്വേഷണങ്ങൾക്കായി മാത്രമേ ഉപയോഗിക്കൂ എന്നും നിരീക്ഷണത്തിന് വേണ്ടിയല്ലെന്നും സർക്കാർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."