കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി
കോന്നി: കോന്നിയിൽ 13 വയസ്സുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാവിന് നേരെ പൊലിസ് ക്രൂരതയെന്ന് പരാതി. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും പൊലിസ് ഉദ്യോഗസ്ഥർ തനിക്ക് നേരെ മൂന്നാംമുറ പ്രയോഗിച്ചതായി യുവാവ് ആരോപിച്ചു. കാലിൽ ബൂട്ടിട്ട് ചവിട്ടിയരയ്ക്കുകയും, മുടിയിൽ പിടിച്ച് വലിക്കുകയും, ചെവിയിൽ പിടിച്ച് കറക്കുകയും ചെയ്തതായാണ് യുവാവിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മൂന്നാം തീയതി വൈകിട്ടാണ് യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ടാണ് പൊലിസ് യുവാവിനെ വിട്ടയച്ചത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് തന്റെ സഹോദരനെയും പൊലിസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയതായും യുവാവ് പറയുന്നു.
ചൈൽഡ് ഹെൽപ് ലൈൻ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തത്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് സഹപാഠികൾ ഉൾപ്പെടെ ആറ് പേരെ പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, പെൺകുട്ടി ആദ്യം നൽകിയ മൊഴിയും പിന്നീട് നൽകിയ മൊഴികളും തമ്മിൽ വലിയ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ആറുപേരെയും താൽക്കാലികമായി വിട്ടയക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെയും മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തിയതായും ആക്ഷേപമുണ്ട്.
13 കാരിയുടെ മൊഴി പൂർണമായും വ്യാജമാണെന്ന നിഗമനത്തിലാണ് നിലവിൽ പൊലിസ് ഉള്ളത്. സഹപാഠിയുമായി ഉണ്ടായ പ്രണയ തകർച്ചയെ തുടർന്നുള്ള ദേഷ്യത്തിലാണ് പെൺകുട്ടി ഇത്തരമൊരു കഥ കെട്ടിച്ചമച്ചതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
വ്യാജ പരാതിയാണെങ്കിലും രജിസ്റ്റർ ചെയ്ത പോക്സോ കേസ് ആയതിനാൽ പൊലിസ് അന്വേഷണം അവസാനിപ്പിക്കില്ല. ചൈൽഡ് ഹെൽപ്പ് ലൈനിൽ കളവായി മൊഴി നൽകാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കും. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലിസ് അന്വേഷണം നടത്തും.
konni fake pocso case: youth brutally beaten by police in custody despite revealing he had undergone bypass surgery, complaint alleges
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."