86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ
ലോസ് ഏഞ്ചൽസ്: ലോകകപ്പിൽ ഗോളടിക്കാൻ മറന്ന മുന്നേറ്റ നിരയും ഗോൾ വാങ്ങിക്കൂട്ടുന്ന പ്രതിരോധ നിരയുമാണ് പൊതുവേ ഫുട്ബോൾ മൈതാനങ്ങളിൽ കാണാനാകുന്നത്. എന്നാൽ ഇത്തവണ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ കഥ മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടവും നോക്കൗട്ട് പോരാട്ടങ്ങളിലുമായി ഇതുവരെ ടൂർണമെന്‍റിൽ 86 മത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനോടകം തന്നെ വലകുലുക്കി പിറന്നത് 257 ഗോളുകളാണ്. അതായത് ഒരു മത്സരത്തിൽ ശരാശരി 2.92 ഗോളുകൾ വീതം! എന്നാൽ, ഈ കനത്ത ഗോൾമഴയ്ക്കിടയിലും പാറപോലെ ഉറച്ചുനിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ വിസ്മയമായി നിൽക്കുന്ന രണ്ട് ടീമുകളുണ്ട്; ആതിഥേയരായ മെക്സിക്കോയും മുൻ ചാമ്പ്യന്മാരായ സ്പെയിനും.
പേരുകേട്ട പല ഗോളിമാരും അമ്പേ പരാജയപ്പെട്ടിടത്താണ് ഈ രണ്ട് ടീമുകളിലെയും ഗോൾകീപ്പർമാർ തങ്ങളുടെ വലയ്ക്ക് മുന്നിൽ ചോരാത്ത കൈകളുമായി വലകാക്കുന്നത്.
റൗൾ റാൻഗലിന്റെ കരുത്തിൽ മെക്സിക്കൻ മതിൽ
ആതിഥേയരായ മെക്സിക്കോ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും എതിരാളികൾക്ക് ഒരൊറ്റ അവസരവും നൽകിയിട്ടില്ല. 8 ഗോളുകൾ എതിർ പോസ്റ്റിൽ അടിച്ചുകൂട്ടിയ അവർ ടൂർണമെന്റിൽ ഇതുവരെ വഴങ്ങിയത് പൂജ്യം ഗോളുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത 2 ഗോളുകൾക്കും ദക്ഷിണ കൊറിയയെ 1 ഗോളിനും ചെക് റിപ്പബ്ലിക്കിനെ 3 ഗോളുകൾക്കും മെക്സിക്കോ തകർത്തു. നോക്കൗട്ടിൽ ഇക്വഡോറിനെ 2 ഗോളുകൾക്ക് വീഴ്ത്തിയാണ് ആതിഥേയർ മുന്നേറുന്നത്.
ഈ നാല് മത്സരങ്ങളിലുടനീളമായി 348 മിനിറ്റോളം മെക്സിക്കൻ വല കാത്തത് റൗൾ റാൻഗൽ എന്ന കരുത്തനാണ്. ഇതിനിടയിൽ, തന്‍റെ വിടവാങ്ങൽ മത്സരത്തിൽ മെക്സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ 12 മിനിറ്റോളം വലകാത്ത് ക്ലീൻ ഷീറ്റോടെ കരിയർ അവസാനിപ്പിച്ചതും ആരാധകർക്ക് വികാരനിർഭരമായ നിമിഷമായി മാറി.
36 വർഷത്തെ ചരിത്രം തിരുത്തി ഉനായ് സിമോൺ; സ്പെയിൻ കുതിക്കുന്നു
മെക്സിക്കോയ്ക്കൊപ്പം തന്നെ ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ സ്പെയിനും തങ്ങളുടെ പ്രതിരോധക്കരുത്ത് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയിൻ, സൗദി അറേബ്യയെ 4 ഗോളുകൾക്കും ഉറുഗ്വായെ 1 ഗോളിനും തോൽപ്പിച്ചു. തുടർന്ന് നടന്ന നിർണായക നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത 3 ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്.
എതിർ പോസ്റ്റിൽ 8 ഗോളുകൾ അടിച്ചുകൂട്ടിയ സ്പെയിനിന്‍റെ വലയ്ക്ക് മുന്നിൽ കാവൽ നിന്നത് ഉനായ് സിമോൺ ആണ്. ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അക്ഷരങ്ങളാലാണ് സിമോൺ ഇപ്പോൾ തന്‍റെ പേര് എഴുതിച്ചേർത്തിരിക്കുന്നത്. തുടർച്ചയായി 519 മിനിറ്റുകൾ ഗോൾ വഴങ്ങാതെ വലകാത്ത ഉനായ് സിമോൺ, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയം ഗോൾ വഴങ്ങാതെ തുടർച്ചയായി വലകാക്കുന്ന ഗോൾകീപ്പർ എന്ന സർവ്വകാല റെക്കോർഡ് സ്വന്തമാക്കി.
1990-ലെ ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ വാൾട്ടർ സംഗ സ്ഥാപിച്ച 517 മിനിറ്റിന്‍റെ ചരിത്ര റെക്കോർഡാണ് 36 വർഷങ്ങൾക്ക് ശേഷം സ്പെയിനിന്‍റെ ഈ വിശ്വസ്തൻ മറികടന്നത്. ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾ ചൂടുപിടിക്കുമ്പോൾ ഉനായ് സിമോണിന്‍രെ ഈ റെക്കോർഡ് കുതിപ്പ് എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."