ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ
കോഴിക്കോട്: ഇല്ലാത്ത ഫർണിച്ചർ സ്ഥാപനത്തിന്റെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി പൊലിസിന്റെ പിടിയിലായി. കൊണ്ടോട്ടി സ്വദേശിയായ മുസ്തഫയാണ് കോഴിക്കോട് വടകരയിൽ അറസ്റ്റിലായത്. 'റോയൽ ഫർണിച്ചർ' എന്ന വ്യാജ പേര് നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
വടകര മാക്കൂർ മേഖല കേന്ദ്രീകരിച്ചായിരുന്നു മുസ്തഫയുടെ തട്ടിപ്പ്. മാക്കൂരിൽ 'റോയൽ ഫർണിച്ചർ' എന്ന പേരിൽ പുതിയ കട ആരംഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഇയാൾ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി ഓഫറുകൾ പരിചയപ്പെടുത്തുകയായിരുന്നു. വീട്ടമ്മമാരെയും മറ്റ് സ്ത്രീകളെയും നേരിൽ കണ്ട്, മാസം 1,000 രൂപ വീതം 20 മാസം അടച്ചാൽ വൻ വിലക്കുറവിൽ ഫർണിച്ചറുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ നൽകാമെന്നായിരുന്നു വാഗ്ദാനം.
മാസം തോറുമുള്ള നറുക്കെടുപ്പിൽ പേര് വരുന്നവർക്ക് പിന്നീട് പണം അടയ്ക്കേണ്ടതില്ലെന്നും പകരം ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്നും വിശ്വസിപ്പിച്ചായിരുന്നു ഇയാൾ തുക പിരിച്ചിരുന്നത്.
എന്നാൽ തവണകളായി പണം അടച്ചവർക്കും നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചവർക്കും വാഗ്ദാനം ചെയ്ത സാധനങ്ങൾ കിട്ടാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഇവർ മാക്കൂരിലുള്ള കട തേടിച്ചെന്നപ്പോഴാണ് അങ്ങനെയൊരു സ്ഥാപനമേ ഇല്ലെന്ന വിവരവും കട അടഞ്ഞുകിടക്കുകയാണെന്ന സത്യവും ബോധ്യപ്പെടുന്നത്.
വഞ്ചിതരായ വീട്ടമ്മമാർ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വടകര പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ മലപ്പുറം ഭാഗങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലിസിന് സൂചനയുണ്ട്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."