കൈക്കൂലി പരാതി; സർക്കാർ പ്രസവാശുപത്രിയിൽ അപ്രതീക്ഷിത പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ ഞെട്ടി ചെന്നൈ എഗ്‌മൂർ സർക്കാർ പ്രസവാശുപത്രി. ആശുപത്രിയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികളുടെ പരിചരണം ഉറപ്പുവരുത്തുന്നതിനുമായാണ് മുഖ്യമന്ത്രി വിജയ് മിന്നൽ പരിശോധന നടത്തിയത്. പ്രസവ വാർഡിലെത്തിയ അദ്ദേഹം നവജാത ശിശുക്കളെ കൈകളിലെടുത്ത് ഓമനിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
ആശുപത്രിയിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ഉയർന്ന പരാതികളെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത നീക്കം. പ്രസവ ചികിത്സാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും കൃത്യമായി വിലയിരുത്തി.
വാർഡുകളിലുണ്ടായിരുന്ന അമ്മമാരോടും കൂട്ടിരുപ്പുകാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ വിജയ്, ജോലിയിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെയും അഴിമതിക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
മുഖ്യമന്ത്രി വിജയ്ക്ക് ഈ ആശുപത്രിയുമായി ഏറെ വൈകാരികമായൊരു ബന്ധം കൂടിയുണ്ട്. അദ്ദേഹവും അമ്മ ശോഭ ചന്ദ്രശേഖറും ജനിച്ചത് ഇതേ എഗ്‌മൂർ സർക്കാർ ആശുപത്രിയിലായിരുന്നു. തന്റെയും അമ്മയുടെയും ജന്മസ്ഥലം കൂടിയായ ആശുപത്രിയിലെ പോരായ്മകൾക്കെതിരെ മുഖ്യമന്ത്രി നേരിട്ടെത്തി രംഗത്തിറങ്ങിയത് തമിഴ്‌നാട് ജനതയ്ക്കിടയിൽ വലിയ ശ്രദ്ധയും കൈയടിയും നേടുകയാണ്.
Following a bribery complaint, tamilnadu Chief Minister Vijay conducted a surprise inspection at a government maternity hospital. During the visit, he interacted with the patients and staff to address the issue. Photos of the Chief Minister cuddling and holding the newborn babies at the facility have since gone viral on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."