ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. അവസാന എട്ടു ടീമുകൾ കൊമ്പുകോർക്കുന്ന ക്വാർട്ടർ മത്സരങ്ങളുടെ ആദ്യമത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 1.30ന് ഫോക്സ്ബ്രോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിലാണ് നടക്കുക. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഫ്രാൻസും മൊറോക്കോയുമാണ് ആദ്യമത്സരത്തിൽ പോരാട്ടത്തിനിറങ്ങുന്നത്. പ്രീക്വാർട്ടറിൽ പരാഗ്വെയെ വീഴ്ത്തിയെത്തിയ ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് സെമി ബർത്താണ് ലക്ഷ്യമിടുന്നത്. മറുവശത്ത് കാനഡയെ പരാജയപ്പെടുത്തിയാണ് മൊറോക്കോയുടെ വരവ്.
നാളെ രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ കരുത്തരായ സ്‌പെയിനും ബെല്‍ജിയവും കൊമ്പുകോര്‍ക്കും. പോര്‍ച്ചുഗലിനെ വീഴ്ത്തിയെത്തുന്ന സ്‌പെയിന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാവും. എന്നാല്‍ ആതിഥേയരായ യു.എസ്.എയെ നാലുഗോളിന് നാണംകെടുത്തിയെത്തുന്ന ബെല്‍ജിയം മികച്ച പോരാട്ടം കാഴ്ചവയ്ക്കുമെന്നുറപ്പാണ്.
അടുത്ത ദിവസം നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടും നോര്‍വെയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. മെക്‌സിക്കോയെ അവരുടെ തട്ടകത്തില്‍ 10 പേരുമായി വീഴ്ത്തിയ ഇംഗ്ലണ്ടും കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോര്‍വെയും കൊമ്പുകോര്‍ക്കുന്നതോടെ മിയാമി സ്‌റ്റേഡിയത്തില്‍ ആവേശത്തിരയടിക്കും.
ഞായറാഴ്ച പുലര്‍ച്ചെയുള്ള അവസാന ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടും. ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ കൂടി പുറത്തായതോടെ സെമിയിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമായെന്ന കണക്കു കൂട്ടലിലാണ് അര്‍ജന്റീന ആരാധകര്‍. എന്നാല്‍ ആരെയും വിറപ്പിക്കാനുള്ള കരുത്തുമായാണ് സ്വിസ് പട ലോകകപ്പില്‍ മുന്നേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."