ദേശീയപാത വികസനം: കേരളത്തിന് 2,039 കോടി രൂപയുടെ പദ്ധതികൾ
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉടൻ ആരംഭിക്കുന്ന അഞ്ച് പദ്ധതികൾക്കായി 2,039 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തുക അനുവദിക്കാൻ തീരുമാനമായത്.
കൊല്ലംതേനി ദേശീയപാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാലുവരി പാത വികസിപ്പിക്കുന്നതിന് 1,663 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. വയനാട് പെരിക്കല്ലൂരിൽനിന്ന് കർണാടക ബൈരകുപ്പയിലേക്ക് കബനി നദിക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിന് 40 കോടി, ദേശീയ പാത 744 ൽ കൊല്ലം-തിരുമംഗലം നിലവിലുള്ള ദേശീയ പാതയ്ക്ക് 98.40 കോടി, ദേശീയ പാത 966ൽ കോഴിക്കോട് -പാലക്കാട് പാതയ്ക്ക് 172 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ദേശീയ പാത 66 ൽ തിരുവനന്തപുരം കഴക്കൂട്ടം മുതൽ ബാലരാമപുരം വരെ പഴയ ദേശീയ പാത സമഗ്ര അറ്റകുറ്റപ്പണിക്കായി 66 കോടി രൂപയ്ക്കും അനുമതി നൽകി. കോഴിക്കോട്-പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. ശബരിമല, മൂന്നാർ, വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടിയെന്ന് മന്ത്രി പി.കെ ബഷീർ പറഞ്ഞു. ശബരിമലയുടെ ഡി.പി.ആർ ഉടൻ തയാറാക്കും.
ദേശീയ പാത 185 ൽ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടൻ ലഭ്യമാക്കും. കൊടുങ്ങല്ലൂർ അങ്കമാലി ബൈപ്പാസിന്റെ അലൈൻമെന്റ് ലഭ്യമാക്കും. വെല്ലിങ്ടൺ ഐലൻഡ് - കുണ്ടന്നൂർ ബൈപാസിനെ അരൂർ അങ്കമാലി ബൈപാസുമായി ബന്ധിപ്പിക്കും. കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ പുതുക്കിയ അലൈൻമെന്റിന് മൂന്ന് മാസത്തിനുള്ളിൽ അംഗീകാരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാമനാട്ടുകര മുതൽ കോഴിക്കോട് എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിർദേശം നൽകിയെന്നും മന്ത്രി ബഷീർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."