ഷാർജയിൽ ടൂറിസം മേഖലയ്ക്ക് വലിയ ഇളവുകളുമായി 'സേവ'; ബിൽ പേയ്‌മെന്റുകൾക്ക് തവണ വ്യവസ്ഥയും സമയപരിധിയും പ്രഖ്യാപിച്ചു
ഷാർജ: ഇമാറാത്തിലെ ടൂറിസം സ്ഥാപനങ്ങൾക്ക് ആശ്വാസം പകരുന്ന ഇളവുകളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (SEWA - സേവ). ടൂറിസം ബിസിനസുകളുടെ സുസ്ഥിരത ഉറപ്പാക്കാനും ഷാർജയിലെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തമാക്കാനുമായി യൂട്ടിലിറ്റി ബിൽ പേയ്‌മെന്റ് സമയപരിധി നീട്ടൽ, ഫീസ് ഇളവുകൾ, വഴക്കമുള്ള തവണ വ്യവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂറിസം ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും സേവനങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടികളെന്ന് സേവ ഉപഭോക്തൃ സേവന വകുപ്പ് ഡയറക്ടർ ഡോ. ഹുസൈൻ അസ്‌കർ വ്യക്തമാക്കി.
പ്രഖ്യാപിച്ച പ്രധാന ഇളവുകൾ
ബിൽ പേയ്‌മെന്റ് സമയപരിധി നീട്ടി: ടൂറിസം സ്ഥാപനങ്ങൾക്ക് പ്രതിമാസ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിന് ഒരു മാസത്തെ അധിക കാലാവധി ലഭിക്കും. കൂടാതെ ഉപഭോഗ ബില്ലുകൾ തവണകളായി അടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.
പിഴ ഇളവുകൾ: ബിൽ കുടിശ്ശിക കാരണം സർവീസ് വിച്ഛേദിക്കുന്നതിനുള്ള പിഴകൾ മൂന്ന് മാസത്തേക്ക് ഒഴിവാക്കി.
സെക്യൂരിറ്റി നിക്ഷേപത്തിന് ഗഡുക്കൾ: പുതിയ യൂട്ടിലിറ്റി അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള സെക്യൂരിറ്റി നിക്ഷേപം നാല് ഗഡുക്കളായി അടയ്ക്കാൻ അനുമതി നൽകും.
ഫീസ് ഇളവുകൾ: ടൂറിസം സ്ഥാപനങ്ങളെ മൂന്ന് മാസത്തേക്ക് പ്ലാൻ അംഗീകാര ഫീസുകളിൽ നിന്ന് ഒഴിവാക്കി. ഇലക്ട്രിക്കൽ മെയിന്റനൻസ് പെർമിറ്റ് ഫീസുകൾ തവണകളായി അടയ്ക്കാനും സാധിക്കും.
കണക്ഷൻ സമയപരിധി: അധിക നിരക്കുകളൊന്നും ഈടാക്കാതെ തന്നെ യൂട്ടിലിറ്റി സർവീസ് കണക്ഷനുകൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി നൽകും.
ഉപയോഗിക്കാത്ത പ്രോപ്പർട്ടികൾക്കുള്ള പിന്തുണ: ഹോട്ടലുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും നിലവിൽ നിഷ്‌ക്രിയമായി കിടക്കുന്ന മീറ്ററുകളുടെ സേവന ഫീസ് താൽക്കാലികമായി നിർത്തിവെയ്ക്കും. ആളില്ലാത്ത സർവീസ്ഡ് അപ്പാർട്ട്മെന്റുകളിലെ കണക്ഷനുകൾ താല്ക്കാലികമായി വിച്ഛേദിക്കാനും നിക്ഷേപകർക്ക് അനുവാദമുണ്ട്.
ബാങ്ക് ട്രാൻസ്ഫർ ചാർജുകൾ സേവ വഹിക്കും: അടുത്ത മൂന്ന് മാസത്തേക്ക് ബാങ്ക് ട്രാൻസ്ഫർ വഴി ബിൽ തുക അടയ്ക്കുമ്പോൾ ഈടാക്കുന്ന ബാങ്ക് ചാർജുകൾ സേവ തന്നെ വഹിക്കുന്നതായിരിക്കും.
Sharjah's SEWA has introduced relief measures for the tourism sector, including flexible installment options and extended payment deadlines to support businesses and improve financial stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."