''ചരിത്രത്തിൽ നിന്ന് മായ്ക്കാനാകാത്ത തിരിച്ചടി നൽകും'; ഖാംനഈയുടെ കൊലപാതകത്തിൽ അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ പ്രതികാര പ്രഖ്യാപനവുമായി ഐ.ആർ.ജി.സി
തെഹ്‌റാൻ: മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിന് അമേരിക്കയോടും ഇസ്റാഈലിനോടും ശക്തമായി പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ്, ശത്രുക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി ഐ.ആർ.ജി.സി മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹിദി രംഗത്തെത്തിയത്.
"ഖാംനഈയുടെ കൊലപാതകത്തിൽ ഇറാൻ നീതി നടപ്പാക്കുക തന്നെ ചെയ്യും. കുറ്റവാളികളായ അമേരിക്കൻ സൈന്യത്തിന് രാജ്യം ശക്തമായ മറുപടി നൽകും. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകാൻ പോകുന്ന തിരിച്ചടി ചരിത്രത്തിൽ നിന്ന് ഒന്നിനും മായ്ച്ചുകളയാൻ സാധിക്കാത്ത വിധത്തിലുള്ളതായിരിക്കും," അഹമ്മദ് വഹിദി വ്യക്തമാക്കി.
131 ദിവസങ്ങൾക്ക് ശേഷം ഖബറടക്കം; ചർച്ചയായി മകന്റെ അസാന്നിധ്യം
2026 ഫെബ്രുവരി 28-നാണ് യു.എസ്-ഇസ്റാഈൽ സഖ്യസേന സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടികളും കൊല്ലപ്പെട്ടിരുന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും പിന്നീട് മരണത്തിന് കീഴടങ്ങി. വിയോഗം സംഭവിച്ച് 131 ദിവസങ്ങൾക്ക് ശേഷമാണ് ഖാംനഈയുടെ ഭൗതികശരീരം ഖബറടക്കിയത്.
ജൂലൈ 4 മുതൽ 9 വരെ തെഹ്‌റാൻ, ഖും, ഇറാഖിലെ നജഫ്, കർബല, മശ്‌ഹദ് എന്നിവിടങ്ങളിലായി വിപുലമായ വിലാപയാത്ര സംഘടിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച മശ്‌ഹദിലെ ഇമാം റെസ പള്ളിയിൽ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കിയാണ് ഖബറടക്കം നടത്തിയത്. ഹമാസ്, ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദ്, ലെബനാനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ തുടങ്ങിയ സഖ്യകക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, ഖാംനഈയുടെ മരണശേഷം പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മകൻ മുജ്തബ ഖാംനഈ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
വിട്ടുവീഴ്ചക്കില്ലെന്ന് ഇസ്റാഈൽ; ട്രംപിന് നേരെ വധശ്രമ ഭീഷണി
ഇറാൻ ഭീഷണിയുയർത്തുമ്പോഴും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്റാഈൽ. ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും, യെമൻ മുതൽ ഇറാൻ വരെയുള്ള ഏത് പ്രദേശത്തും ആക്രമണം നടത്താൻ തങ്ങളുടെ വ്യോമസേന സജ്ജമാണെന്നും പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും ആവർത്തിച്ചു.
അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തുന്നതായി ഇസ്റാഈൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ ഖബറടക്കത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിലാണ് ഈ അതീവ രഹസ്യവിവരം കൈമാറിയത്.
ട്രംപിനെതിരെയുള്ള ഇറാന്റെ നീക്കങ്ങളെക്കുറിച്ച് സമീപ ആഴ്ചകളിൽ യു.എസിന് സ്ഥിരമായി വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, ഇസ്റാഈലിൽ നിന്ന് ലഭിച്ച പുതിയ മുന്നറിയിപ്പ് തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
irgc has vowed to inflict a historic and unforgettable blow against the us and israel following the assassination of iranian supreme leader ali khamenei.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."