വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി
റിയാദ്: വേനല്‍ക്കാല അവധിയോടനുബന്ധിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സഊദി അറേബ്യയുടെ പൊതുജനാരോഗ്യ അതോറിറ്റി 'വികായ' (Weqaya) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. യാത്രയ്ക്ക് മുന്‍പ് ആവശ്യമായ ആരോഗ്യ തയ്യാറെടുപ്പുകള്‍ നടത്തുകയും യാത്രയ്ക്കിടയിലും തിരിച്ചെത്തിയ ശേഷവും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ലക്ഷ്യസ്ഥാനത്തെ ആരോഗ്യ സാഹചര്യം, കാലാവസ്ഥ, പകര്‍ച്ചവ്യാധികളുടെ സാധ്യത എന്നിവയെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്ന് വികായ നിര്‍ദേശിച്ചു. ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക വാക്‌സിനേഷന്‍ നിര്‍ബന്ധമായിരിക്കാമെന്നതിനാല്‍ യാത്രയ്ക്ക് മുമ്പുതന്നെ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവര്‍ ആവശ്യത്തിന് മരുന്നുകളും ഡോക്ടറുടെ കുറിപ്പും കൈവശം കരുതണം. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും അടിയന്തര ചികിത്സാ സൗകര്യങ്ങളും മുന്‍കൂട്ടി ഉറപ്പാക്കുന്നത് വിദേശയാത്ര കൂടുതല്‍ സുരക്ഷിതമാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
യാത്രയ്ക്കിടെ വ്യക്തിശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുക, സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും മാത്രം ഉപയോഗിക്കുക, ശുചിത്വം ഉറപ്പില്ലാത്ത ഭക്ഷണശാലകള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ രോഗബാധയുടെ സാധ്യത കുറയ്ക്കുമെന്ന് വികായ വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുകയും അസ്വസ്ഥത അനുഭവപ്പെടുന്നവരുമായി അനാവശ്യ സമ്പര്‍ക്കം ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.
കൊതുകുകള്‍ വഴി രോഗങ്ങള്‍ വ്യാപകമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുക് അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുകയും ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. വന്യമൃഗങ്ങളുമായോ രോഗബാധയ്ക്കുള്ള സാധ്യതയുള്ള ജീവികളുമായോ സമ്പര്‍ക്കം ഒഴിവാക്കുന്നതും ആരോഗ്യസുരക്ഷയുടെ ഭാഗമാണെന്ന് വ്യക്തമാക്കി.
വിദേശത്തിരിക്കെ പനി, ചുമ, ശ്വാസതടസം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ വൈകിക്കരുതെന്നും പ്രാദേശിക ആരോഗ്യകേന്ദ്രത്തിന്റെ സേവനം ഉടന്‍ തേടണമെന്നും വികായ അറിയിച്ചു. യാത്ര കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയ ശേഷവും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുകയാണെങ്കില്‍ സമീപത്തെ ആരോഗ്യസ്ഥാപനത്തില്‍ പരിശോധന നടത്തുകയും സമീപകാല യാത്രാ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
യാത്രയുമായി ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങള്‍ ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുമാത്രം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും വികായ മുന്നറിയിപ്പ് നല്‍കി. ലളിതമായ ആരോഗ്യ മുന്‍കരുതലുകള്‍ പോലും യാത്രയെ കൂടുതല്‍ സുരക്ഷിതവും ആശങ്കകളില്ലാത്തതുമാക്കാന്‍ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Saudi Arabia’s Public Health Authority (Weqaya) has issued new health guidelines for international travelers, advising vaccinations, travel health preparation, hygiene measures, and medical precautions before and after overseas trips.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."