ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍
ഷാര്‍ജ: വിദ്യാര്‍ഥികളുടെ വേനല്‍ അവധി അറിവും മൂല്യബോധവും വളര്‍ത്താന്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ ഇസ്‌ലാമികകാര്യ വകുപ്പ് 2026 വേനല്‍ക്കാല പരിപാടികള്‍ക്ക് തുടക്കമിട്ടു. 'സ്വാധീനം സൃഷ്ടിക്കുന്ന വേനല്‍' എന്ന പ്രമേയത്തിലാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ വിദ്യാഭ്യാസപരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത പ്രായവിഭാഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന പരിപാടികള്‍ ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിക വിജ്ഞാനം, സ്വഭാവ രൂപീകരണം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് നടത്തുന്നത്. ഷാര്‍ജ നഗരത്തിലെ വകുപ്പിന്റെ ആസ്ഥാനത്തും എമിറേറ്റിലെ വിവിധ പള്ളികളിലുമായാണ് ക്ലാസുകളും പരിശീലനങ്ങളും നടക്കുക.
വേനല്‍ക്കാല വിദ്യാഭ്യാസ കോഴ്‌സ് (ആണ്‍കുട്ടികള്‍), പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക സമ്മര്‍ പ്രോഗ്രാം, മൂന്നാം പതിപ്പായി 'പള്ളികളോട് ഹൃദയം ചേര്‍ത്ത്' പദ്ധതി എന്നിവയാണ് പ്രധാന പരിപാടികള്‍. കൂടുതല്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ഷാര്‍ജ ഇസ്‌ലാമികകാര്യ വകുപ്പ് ചെയര്‍മാനുമായ ഡോ. ഈസ സൈഫ് അഹ്മദ് ബിന്‍ ഹന്‍സല്‍, ഈ പരിപാടികള്‍ ഇനി വെറും സീസണല്‍ പ്രവര്‍ത്തനങ്ങളല്ലെന്നും അറിവും മൂല്യങ്ങളും സാമൂഹികബോധവും ഉള്‍ക്കൊള്ളുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്ന സമഗ്ര വിദ്യാഭ്യാസ സംരംഭമാണെന്നും പറഞ്ഞു.
'സ്വാധീനം സൃഷ്ടിക്കുന്ന വേനല്‍' എന്ന പ്രമേയം കുട്ടികളുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ദീര്‍ഘകാല മാറ്റം സൃഷ്ടിക്കുന്ന അറിവും ധാര്‍മികബോധവും വളര്‍ത്തുക എന്ന വകുപ്പിന്റെ കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദഅ്‌വ വിഭാഗം മേധാവിയും വേനല്‍ക്കാല പരിപാടികളുടെ ജനറല്‍ കോഓര്‍ഡിനേറ്ററുമായ ഷെയ്ഖ് ആരിഫ് അല്‍ ഷെഹ്ഹി പറഞ്ഞു, ആണ്‍കുട്ടികള്‍ക്കുള്ള കോഴ്‌സില്‍ വിശുദ്ധ ഖുര്‍ആനിലെ തെരഞ്ഞെടുത്ത സൂറകളുടെ വിശദീകരണം, ഹദീസ് പഠനം, ഫിഖ്ഹ്, നബിചരിതം, ധാര്‍മികത, വായനാശേഷി വികസനം, സാംസ്‌കാരിക മത്സരങ്ങള്‍, വിദ്യാഭ്യാസ മൂല്യമുള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കുള്ള പരിപാടികള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുടനീളം വകുപ്പിന്റെ ആസ്ഥാനത്തും വിവിധ പള്ളികളിലും തുടരും. മതബോധവും ആത്മവിശ്വാസവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടുള്ള പരിശീലനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച വനിതാ അധ്യാപകരാണ് നേതൃത്വം നല്‍കുക.
ഓഗസ്റ്റില്‍ എമിറേറ്റിലെ 40ലധികം പള്ളികളില്‍ 'പള്ളികളോട് ഹൃദയം ചേര്‍ത്ത്' പദ്ധതിയുടെ മൂന്നാം പതിപ്പും ആരംഭിക്കും. ജൂലൈയിലെ കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ഇതിലൂടെ അവസരം ലഭിക്കും.
മക്കളെ ഈ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഷാര്‍ജ ഇസ്‌ലാമികകാര്യ വകുപ്പ് അറിയിച്ചു.
English Summary:
The Sharjah Department of Islamic Affairs has launched its 2026 summer programmes under the theme 'A Summer That Makes an Impact.' Running throughout July and August, the initiatives offer Quran studies, Islamic education, character-building activities, and cultural programmes for boys and girls at mosques across the emirate. Parents have been invited to register their children through the department's dedicated online portal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."