ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും
തിരുവനന്തപുരം: കോഴിക്കോട് ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും അതു തടയുന്നതില്‍ പൊലിസ് വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട്
അന്വേഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.
2024 നവംബര്‍ 16ന് നടന്ന ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് പൊലിസിന്റെ സഹായത്തോടെ അട്ടിമറിച്ചെന്നാണ് പരാതി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പിന്റെ സുരക്ഷ അസി.കമ്മിഷണര്‍ ഉമേഷിനായിരുന്നു. ചിത്രീകരിക്കാന്‍ മൂന്ന് ഫോട്ടോഗ്രാഫര്‍മാരേയും ഹൈക്കോടതി നിര്‍ദേശപ്രകാരം നിയോഗിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെ മൂന്നോടെ ആയിരക്കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കള്ളവോട്ട് ചെയ്ത് ബൂത്ത് കൈയേറിയെങ്കിലും പൊലിസ് അക്രമികളെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. മെഡി.കോളജ് ഇന്‍സ്പക്ടര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും അസി.കമ്മിഷണര്‍ അതിന് അനുവദിച്ചില്ല. കൂടാതെ ഇക്കാര്യം അറിയിക്കാനായി എം.കെ രാഘവന്‍ എം.പി സിറ്റി പൊലിസ് കമ്മിഷണറെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ പോലും അറ്റന്‍ഡ് ചെയ്തില്ല.
മണിക്കൂറുകളോളം അക്രമസംഭവങ്ങളുണ്ടായിട്ടും ഐ.ജിയും കമ്മിഷണറും സംഭവസ്ഥലം സന്ദര്‍ശിക്കാനോ ക്രമസമാധാനം ഉറപ്പുവരുത്താനോ തയാറായില്ല. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങളുള്‍പ്പെടെ അക്രമികള്‍ തകര്‍ക്കുകയും ചെയ്തതില്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണമോ തുടര്‍നടപടികളോ ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ പൊലിസിന്റെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എം.പി എം.കെ രാഘവനും ഡി.സി.സി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."