അർജന്റീനയെ തോൽപ്പിക്കാൻ ജേഴ്‌സി മാറിയെത്തി; ഒടുവിൽ ‘സ്പീഡ് ശാപം’ തീർത്തുകൊടുത്ത് മെസ്സിയും സംഘവും; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!
ന്യൂയോർക്ക്: ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായ 'സ്പീഡ് ശാപം' (Speed Curse) ഒടുവിൽ അർജന്റീന തകർത്തതായി സമ്മതിച്ച് വിഖ്യാത യൂട്യൂബ് സ്ട്രീമറും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനുമായ ഐഷോസ്പീഡ് (IShowSpeed). 2026 ഫിഫ ലോകകപ്പിൽ താൻ ഏത് ടീമിന്റെ ജേഴ്‌സി ധരിച്ച് ഗാലറിയിലെത്തുന്നോ ആ ടീം തോൽക്കുമെന്ന അവസ്ഥയായിരുന്നു. ഇതോടെയാണ് അർജന്റീനയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പീഡ് മെസ്സിയുടെ ടീമിന്റെ ജേഴ്‌സി ധരിച്ച് ക്വാർട്ടർ ഫൈനലിനെത്തിയത്. എന്നാൽ സ്പീഡിന്റെ ശാപക്കഥകളെയെല്ലാം കാറ്റിൽപ്പറത്തി സ്വിറ്റ്‌സർലൻഡിനെ അർജന്റീന തകർത്തുവിട്ടു.
ഇതോടെ ഫുട്ബോൾ ലോകത്ത് 'സ്പീഡ് ശാപം' അർജന്റീന തീർത്തുകൊടുത്തു എന്ന രീതിയിൽ ട്രോളുകൾ നിറയുകയാണ്. ഓരോ ദിവസവും താൻ പിന്തുണയ്ക്കുന്ന ടീമിന്റെ ജേഴ്‌സി ധരിച്ചാണ് സ്പീഡ് മത്സരങ്ങൾക്കെത്തിയിരുന്നത്. എന്നാൽ താരം ജേഴ്‌സി ധരിക്കുന്ന ടീമുകളെല്ലാം തുടർച്ചയായി തോറ്റതോടെ, സ്പീഡ് തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി ധരിക്കരുതേ എന്ന ഭീതിയിലായിരുന്നു ആരാധകർ. ഈ ശാപം സത്യമാണോ എന്ന് പരീക്ഷിക്കാനും അർജന്റീനയെ തോൽപ്പിക്കാനുമായിരുന്നു ക്വാർട്ടറിൽ അർജന്റീന ജേഴ്‌സി ധരിച്ചതെന്ന് സ്പീഡ് വെളിപ്പെടുത്തി.
അർജന്റീന ജയിച്ചതിൽ സ്പീഡ് 'ഹാപ്പിയല്ല'
സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ തനിക്കെതിരെയുള്ള ശാപക്കഥകൾ അവസാനിച്ചതായി സ്പീഡ് തുറന്നുപറഞ്ഞു. ആ ശാപം അവസാനിപ്പിച്ചതിന് അർജന്റീനയെ താരം അഭിനന്ദിച്ചെങ്കിലും, കടുത്ത റൊണാൾഡോ ആരാധകനായ സ്പീഡ് അർജന്റീന വിജയിച്ചതിൽ ഒട്ടും സന്തുഷ്ടനല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്കിടയിലെ മെസി-ക്രിസ്റ്റിയാനോ പോരാട്ടത്തിൽ, റൊണാൾഡോയുടെ ഏറ്റവും വലിയ ഫാൻ ബോയ് ആയാണ് സ്പീഡ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ നടക്കുന്ന വമ്പൻ സെമി ഫൈനലിൽ താൻ ഇംഗ്ലണ്ടിന്റെ ജേഴ്‌സി ധരിക്കുമെന്നും, ഇനി 'സ്പീഡ് ശാപം' നിലവിലില്ലാത്തതിനാൽ ഇംഗ്ലണ്ട് ധൈര്യമായി കളിക്കുമെന്നും താരം മറ്റൊരു വീഡിയോയിൽ വ്യക്തമാക്കി.
പോർച്ചുഗലിന്റെ പുറത്താകലിൽ പൊട്ടിക്കരഞ്ഞു
കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ സ്‌പെയിനോട് തോറ്റ് പോർച്ചുഗൽ ലോകകപ്പിൽനിന്ന് പുറത്തായപ്പോൾ യുട്യൂബ് ലൈവിനിടെ സ്പീഡ് പൊട്ടിക്കരഞ്ഞിരുന്നു. റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചതിന്റെ വിഷമത്തിലായിരുന്ന സ്പീഡിന് നേരെ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ചില ആരാധകർ 'മെസ്സി.. മെസ്സി..' എന്നുവിളിച്ച് പരിഹസിച്ചതും വലിയ വാർത്തയായിരുന്നു. പ്രകോപിതനായ താരം ആരാധകരോട് വഴക്കിടാൻ വരെ മുതിർന്നു.
ഏതായാലും, അർജന്റീനയെ തോൽപ്പിക്കാൻ ജേഴ്‌സി മാറിപ്പരീക്ഷിച്ച സ്പീഡിനെ ട്രോളുകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയയിൽ മെസ്സി ആരാധകർ. ഇംഗ്ലണ്ടിനെതിരെ സെമിയിൽ താരം ഇംഗ്ലീഷ് ജേഴ്‌സിയിൽ എത്തുമ്പോൾ കളി എന്താകുമെന്ന ആകാംഷയിലാണ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."