പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പാലക്കാട് പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവത്തില്‍ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മന്ത്രിയുടെ പെരുമാറ്റം ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മാനസിക പ്രയാമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങില്‍ വെച്ചാണ് കെടി ജലീലിന്റെ വിവാദ പ്രതികരണം.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന വിജയോത്സവ ചടങ്ങിൽ വെച്ചായിരുന്നു സംഭവം. വിദ്യാർഥികളെ വേദിയിൽ വിളിച്ചുവരുത്തി പരീക്ഷിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയർന്നത്. മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത വിജയോത്സവ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പരിപാടിക്കിടെ സദസിലുണ്ടായിരുന്ന വിദ്യാർഥികളോട് 'എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?' എന്ന് ചോദിച്ചാണ് ജലീൽ ഹിന്ദിയിൽ എ പ്ലസ് നേടിയ ചില കുട്ടികളെ വേദിയിലേക്ക് വിളിച്ചത്. തുടർന്ന് ഹിന്ദിയിൽ മാതാപിതാക്കളുടെ പേരും വിലാസവും എഴുതാൻ ആവശ്യപ്പെട്ടു. കുട്ടികൾ എഴുതുന്നതിനിടെ ഉണ്ടായ അക്ഷരത്തെറ്റുകൾ വേദിയിൽവെച്ച് തിരുത്തുകയും ശാസിക്കുകയും ചെയ്തു. കുട്ടികളുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.
ഇതിനുപുറമെ, 'സംസം എന്നതിന്റെ അർഥമെന്താണ്?', 'പാത്തുമ്മയുടെ ആട് ഏത് വിഷയമാണ് പറയുന്നത്?' തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിച്ചു. വായനാശീലം വളർത്തണമെന്നും മൊബൈൽ ഫോൺ അറിവ് വർധിപ്പിക്കാനുള്ള ഉപാധിയായി ഉപയോഗിക്കണമെന്നും വിദ്യാർഥികൾക്ക് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി. വിദ്യാർഥികളെ പൊതുവേദിയിൽ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."