നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം
കാഠ്മണ്ഡു: നേപ്പാളിൽ മേയർക്കെതിരെ ശക്തമായ ജനരോഷം ആളിപ്പടരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മേയർ ബാലേന്ദ്ര ഷായുടെ കടുത്ത നിലപാടുകൾക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. കോർപ്പറേഷൻ അധികൃതരുടെ നടപടിയിൽ മനംനൊന്ത് ബൈക്ക് ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവമാണ് കാഠ്മണ്ഡുവിനെ പെട്ടെന്ന് തന്നെ പ്രതിഷേധക്കടലാക്കി മാറ്റിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രക്ഷോഭങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത്. റോഡരികിൽ ഉപഭോക്താവിനെ കാത്തുനിന്ന ഗണേഷ് നേപ്പാളി (25) എന്ന യുവാവിന്റെ മോട്ടോർ സൈക്കിൾ കാഠ്മണ്ഡു മുനിസിപ്പൽ പൊലിസ് ചക്രപ്പൂട്ടിട്ട് കസ്റ്റഡിയിലെടുത്തു. ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടതിൽ മനംനൊന്ത് യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗണേഷ് വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
യുവാവിന്റെ മരണം നഗര ഭരണകൂടത്തിന്റെ ക്രൂരതയ്‌ക്കെതിരെയുള്ള യുവജന പ്രക്ഷോഭമായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. ഞായറാഴ്ച കാഠ്മണ്ഡുവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്ലക്കാർഡുകളുമേന്തി പ്രതിഷേധവുമായി ഒത്തുചേർന്നത്. ചേരികളിൽ താമസിക്കുന്നവരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്ന നടപടികൾ ഉടനടി നിർത്തണമെന്നും, പൊലിസിന്റെ അനധികൃത അറസ്റ്റുകൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2022-ൽ വൻ ജനപിന്തുണയോടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബാലൻ ഷായുടെ നഗര പരിപാലന രീതികൾ തുടക്കം മുതൽക്കേ വിവാദത്തിലായിരുന്നു.
തെരുവ് കച്ചവടക്കാരെ ക്രൂരമായി ഒഴിപ്പിക്കൽ, നദീതീരങ്ങളിലെ ചേരി നിവാസികളെ പുനരധിവാസമില്ലാതെ തെരുവിലേക്ക് ഇറക്കിവിടൽ തുടങ്ങിയ മേയറുടെ കർക്കശമായ നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ നേരത്തെ തന്നെ വലിയ അമർഷമുണ്ടായിരുന്നു. പലപ്പോഴും ഇത്തരം ഒഴിപ്പിക്കൽ നടപടികൾ പോലീസും ജനങ്ങളും തമ്മിലുള്ള കടുത്ത സംഘർഷങ്ങളിലാണ് കലാശിക്കാറുള്ളത്. ഒരു സാധാരണക്കാരന്റെ ജീവൻ കൂടി നഷ്ടപ്പെട്ടതോടെ മേയർക്കെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
Massive protests and clashes have erupted on the streets of Kathmandu, Nepal, following the tragic death of a 25-year-old ride-sharing bike driver. The driver, Ganesh Nepali, set himself on fire outside a government office after municipal police locked his motorcycle for alleged illegal parking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."