വിദഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത വിദഗ്ധ സമിതിയുടെ ഇടപെടലില്‍ അടയുമോയെന്ന ആശങ്കയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്നവര്‍. ഈമാസം ഏഴിന് തുരങ്കപാത പദ്ധതിപ്രദേശമായ മീനാക്ഷയില്‍ മണ്ണിടിഞ്ഞ് എട്ട് തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ തുടങ്ങിയ ആശങ്കയാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയെ പഠനത്തിനായി നിശ്ചയിച്ചതോടെ ഇരട്ടിച്ചത്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായതിനുശേഷവും കള്ളാടി ദുരന്തത്തിനു ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവനകളും സ്വപ്‌നപദ്ധതിയുടെ വഴിയടക്കുമെന്ന ആശങ്ക ഇവരിലുണ്ട്.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തുരങ്കപാത നിര്‍മാണം നിര്‍ത്തിവയ്പിച്ച സര്‍ക്കാര്‍ ദുരന്തത്തിന്റെ കാരണം, നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ തുരങ്കനിര്‍മാണ ജോലികള്‍ തുരടേണ്ടതുള്ളൂ എന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. റവന്യു ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ വിദഗ്ധ സമിതി പാരിസ്ഥിതികാനുമതിയിലും ഫോറസ്റ്റ് ക്ലിയറന്‍സിലും അനൗചിത്യം കണ്ടെത്തിയാല്‍ പദ്ധതിയുടെ വഴിയടയാന്‍ സാധ്യത ഏറെയാണ്.
വയനാട് പ്രകൃതിസംരക്ഷണ സമിതി ഉള്‍പ്പെടുന്ന കോ എക്‌സിസ്റ്റന്‍സ് കളക്ടീവ് കേരള പദ്ധതിക്ക് എതിരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പദ്ധതിയുടെ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന ആരോപണം പ്രകൃതി സംരക്ഷണ സമിതി ഉന്നയിച്ചിരുന്നു. തുരങ്കപാത പ്രവൃത്തി നടത്തേണ്ട പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെട്ടതാണ്. ഇക്കാര്യം മറച്ചുവച്ചും ജില്ലാ, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും സത്യവാങ്മൂലം നല്‍കിയാണ് പദ്ധതിക്ക് കേന്ദ്രാനുമതി നേടിയതെന്ന വാദമാണ് ഇവര്‍ ഉയർത്തുന്നത്.
ഇതിനകം നിരവധി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം. പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര്‍ ആരോപിക്കുന്നുണ്ട്. ഇതെല്ലാം ചുണ്ടിക്കാട്ടി ഇവർ നൽകിയ കത്ത് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."