ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വെളിപ്പെടുത്തൽ ശരിവെച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ടാറ്റാ സംഘം തന്നെ നേരിട്ടു സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തത വരുത്തിയത്. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റാ പ്രോജക്ടിന്റെ തുടർച്ചയായാണ് കഴിഞ്ഞ ജൂൺ 29-ന് ഈ കൂടിക്കാഴ്ച നടന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ നിക്ഷേപത്തുകയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും, 10,000 കോടി രൂപയുടെ നിക്ഷേപം വരുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, ഏതെങ്കിലും ഒരു സ്ഥാപനവുമായി മാത്രം 10,000 കോടിയുടെ കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 'മിഷൻ സമുദ്ര'യുടെ ഭാഗമായി കേരളത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുമ്പോൾ വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
കപ്പൽ നിർമാണ മേഖലയിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടിയുടെ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ടാറ്റ അധികൃതർ തള്ളിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ വിശദീകരണം. കേരളത്തിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ നിലവിൽ പദ്ധതിയോ, ഇതുമായി ബന്ധപ്പെട്ട് ചർച്ചകളോ നടന്നിട്ടില്ലെന്നായിരുന്നു ടാറ്റാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി മുൻ സർക്കാർ ഒപ്പിട്ടത് വലിയൊരു കെണിയാണെന്ന് വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ സർക്കാരിനാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് വന്നശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. പാഠ്യപദ്ധതിയിൽ എന്തെങ്കിലും തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പരിമിതമായ പദവികൾ മാത്രമുള്ളതിനാൽ ആഗ്രഹിച്ച എല്ലാവർക്കും അവസരം നൽകാൻ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. വഖഫ് ബോർഡ് വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ചർച്ചകളിലൂടെ ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
minister p.k. kunhalikutty dismissed all controversies surrounding his meeting with tata, releasing photographs as evidence to support his statement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."