വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ
തിരുവനന്തപുരം: വഞ്ചിയൂരിൽ ചമ്പക്കടി സ്വദേശി വൈശാഖിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികളും പിടിയിൽ. പുലയനാർ കോട്ടയുടെ സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
വൈശാഖിന്റെ അയൽവാസിയായ ചമ്പക്കട സ്വദേശി പ്രദീപാണ് മുഖ്യപ്രതി. പ്രദീപും വൈശാഖും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഡിസംബറിൽ വൈശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന വൈശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രദീപും സുഹൃത്തുക്കളും വൈശാഖിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വൈശാഖിന്റെ വീടിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്. കൈക്കും കാലിനും വെട്ടേറ്റ വൈശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
ശേഷം പ്രതികൾ KL 27 H 9286 എന്ന നമ്പറുള്ള കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാർ പിന്നീട് പുലയനാർ കോട്ടയുടെ സമീപത്തുവെച്ച് പൊലിസ് കണ്ടെത്തിയിരുന്നു. കാറിൽ വാഹനത്തിൽ നിന്ന് മൂന്ന് വെട്ടുകത്തികളും മദ്യകുപ്പികളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."