മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍
കഴിഞ്ഞ ഒരു മാസത്തിലേറെയായി രാജ്യത്തിന്റെ കണ്ണും കാതും അങ്ങ് ഡല്‍ഹിയിലായിരുന്നു. ഇന്നോളം രാജ്യം കാണാത്തത്രയും മനോഹരമായ ഒരു പ്രതിഷേധ സമരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. കാവ്യാത്മകമായ ആ പ്രക്ഷോഭത്തെ ഹൃദയത്തിലേറ്റി രാജ്യം. കലാപങ്ങളും സംഘര്‍ഷങ്ങളുമില്ലാതെ രാജ്യത്തിന്റെ ചെറുപ്പം തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ സാക്ഷാല്‍ 'മോദിസര്‍ക്കാറിന്' തലകുനിക്കേണ്ടി വന്നു അവര്‍ക്കു മുന്നില്‍.
അതിമനോഹരങ്ങളായ രസകരമായ ഒത്തിരി നിമിഷങ്ങളും അനുഭവങ്ങളും സമ്മാനിച്ചാണ് ഈ പ്രക്ഷോഭം അവസാനിക്കുന്നത്. എല്ലാം കഴിഞ്ഞ് പോരാട്ടത്തെ ആഘോഷമാക്കി ആ കുഞ്ഞുങ്ങള്‍ പിരിഞ്ഞു പോയപ്പോള്‍ മുതിര്‍ന്നവര്‍ക്കായി പൗരബോധത്തിന്റെ മറ്റൊരു പാഠം കൂടി പകര്‍ന്നു നല്‍കി അവര്‍.
സാധാരണയായി ഇത്തരം കൂടിച്ചേരലുകള്‍ അവസാനിക്കുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന പലതും ബാക്കി അവിടെ ബാക്കിയാവാറുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ മുതല്‍ ഭക്ഷണ അവശിഷ്ടങ്ങള്‍, പേപ്പര്‍ കപ്പുകള്‍..എന്നിങ്ങനെ ബാനറുകള്‍ വരെ...ഇതെല്ലാം വൃത്തിയാക്കലും ഒഴിവാക്കലുമൊക്കെ പ്രദേശത്തെ ശുചീകരണ തൊഴിലാളികളുടെ പണിയായി മാറുന്നു.
എന്നാല്‍ ഇവിടേയും മാതൃകയാണ് ഈ ചെറു പിള്ളേര്‍. ചൂലുകള്‍, മാലിന്യം ശേഖരിക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകളും കയ്യുറകളുമൊക്കെയായി ഒരു സംഘം സമരവേദിയിലെത്തുന്നതാണ് രാവിലെ അവിടത്തുകാര്‍ കാണുന്നത്. റോഡുകള്‍ തൂത്തുവാരി, മാലിന്യങ്ങള്‍ ശേഖരിച്ചു. മണിക്കൂറുകള്‍ക്ക് മുന്‍പ് അവര്‍ ഉപയോഗിച്ച പൊതുസ്ഥലം വൃത്തിയാക്കി. അതിനവര്‍ ആരേയും കാത്തുനിന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്തവയും വേര്‍തിരിച്ചാണ് അവര്‍ വൃത്തിയാക്കിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതു സ്ഥലങ്ങള്‍ പൊതു സ്വത്താണ്. എന്നാല്‍ അത് വൃത്തിയായി സൂക്ഷിക്കേണ്ടത് കൂടി നമ്മുടെ കടമയാണെന്നത് നമ്മളില്‍ പലരും മനഃപൂര്‍വ്വം മറക്കാറുണ്ട്. എന്നാല്‍ ഈ കുട്ടികള്‍ അത് മറന്നില്ല.
ഔദ്യോഗിക ശുചിത്വ യജ്ഞമോ നിര്‍ദ്ദേശങ്ങളോ ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയവര്‍ സ്വമേധയാ ആണ് അത് ചെയ്തത്. ഒരു ഐതിഹാസിക പോരാട്ടത്തിന്റെ ശേഷിപ്പുകളില്‍ ഓര്‍ത്തുവെക്കാന്‍ തീജ്വാലയേക്കാള്‍ കരുത്തുള്ള വിജയത്തോടൊപ്പം ഒരു മാലിന്യക്കൂമ്പാരം കൂടി വേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
അതൊരു ചെറിയ പ്രവൃത്തിയായിരുന്നു. എന്നാല്‍ ശക്തമായ ഒരു സന്ദേശമാണ് അവര്‍ അതുവഴി നല്‍കിയത്. പോരാട്ടം പോലെ പ്രധാനമാണ് പരിസര ശുചിത്വം എന്നതും...
പൗരബോധം വലിയ വലിയ കാര്യങ്ങളിലൂടെയല്ല അളക്കപ്പെടുന്നതെന്ന് അവരുടെ പ്രവൃത്തികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈനംദിന തീരുമാനങ്ങളിലാണ് അത് പ്രതിഫലിക്കുന്നത്. വലിച്ചെറിഞ്ഞ ഒരു കുപ്പി മറികടന്നുപോകുന്നതിന് പകരം അത് എടുത്തു മാറ്റുന്നതാണ് പൗരബോധം. മറ്റൊരാള്‍ ചെയ്യുമെന്ന് കരുതി വെറുതെ വിടാതെ ഒരു നടപ്പാത തൂത്തുവാരുന്നതും പൗരബോധമാണ്. മാലിന്യമല്ല, മറിച്ച് ഒരു മാതൃകയാണ് ഈ ചെറുപ്പം ഇവിടെ ബാക്കി വെക്കുന്നത്. ജനക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോയാലും ഒരുപക്ഷേ ഈ ചിത്രങ്ങളായിരിക്കും ഇവിടെ ബാക്കിയാവുക.
അടിച്ചൊതുക്കാന്‍ നോക്കിയവര്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ തലയുയുര്‍ത്തി നിന്ന് പോരാടിയവരാണ് ഈ ജെന്‍സി പിള്ളേര്‍.ശക്തമായ ചോദ്യങ്ങളുയര്‍ത്തി ഉലയാത്ത നിലപാടുകള്‍ കൊണ്ട് അവര്‍ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. രാഷ്ട്രീയം അറിയില്ലെന്ന് എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചു. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ ചേര്‍ത്തുവെക്കലുകളിലേക്ക് പൗരബോധത്തിന്റെ വലിയ പാഠങ്ങളടങ്ങിയ ഒരു പുതിയ അധ്യായം കൂടി ചേര്‍ത്തു വെച്ചിരിക്കുന്നു.
after ending their historic protest, student demonstrators cleaned the protest site before leaving, turning their movement into a powerful example of civic responsibility and public awareness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."