ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല
അബുദാബി: യുഎഇയിലെ യാത്രാ സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇതിഹാദ് റെയിൽ യാത്രാ സർവീസ് ഘട്ടംഘട്ടമായി വിപുലീകരിക്കുന്നു. അബുദബി- ഫുജൈറ റൂട്ടിൽ യാത്രാ സർവീസ് ആരംഭിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോൾ, പുതിയ സ്റ്റേഷനുകൾ തുറക്കുന്നതിനുള്ള സമയക്രമവും ഭാവി പദ്ധതികളും ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 30-ന് ദുബൈയും അൽ ദൈദും
അടുത്ത പ്രധാന ഘട്ടമായി 2026 സെപ്റ്റംബർ 30ന് ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിന് സമീപമുള്ള ദുബൈ സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും യാത്രക്കാർക്കായി തുറക്കും. ഇതോടെ അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള റെയിൽ ബന്ധം കൂടുതൽ ശക്തമാകും.
മറ്റ് സ്റ്റേഷനുകൾ തുറക്കുന്നത് ഇങ്ങനെ
ശേഷിക്കുന്ന സ്റ്റേഷനുകൾ ഘട്ടംഘട്ടമായാണ് തുറക്കുക.
* 2026 നവംബർ 30: അബുദാബിയിലെ അൽ ദഫ്റ മേഖലയിലെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകൾ.
* 2026 ഡിസംബർ 30: അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ.
* 2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. ഇതോടെ ആദ്യഘട്ട യാത്രാ ശൃംഖല പൂർത്തിയാകും.
നിലവിലെ ടിക്കറ്റ് നിരക്ക്
അബുദാബി-ഫുജൈറ റൂട്ടിൽ നിലവിൽ ഉദ്ഘാടന ഓഫറായി 50 ശതമാനം ഇളവ് ലഭ്യമാണ്.
* കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക് 109 ദിർഹം)
* പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക് 239 ദിർഹം).
സേവർ, വാല്യൂ, ഫ്ലെക്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ അതത് സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പ്രഖ്യാപിക്കും.
ഏറ്റവും മനോഹരമായ യാത്ര
നിലവിൽ ഏറ്റവും ആകർഷകമായ റൂട്ടായി അബുദാബി-ഫുജൈറ യാത്രയെ വിശേഷിപ്പിക്കുകയാണ് യാത്രക്കാരും എതിഹാദ് റെയിൽ അധികൃതരും. നഗരദൃശ്യങ്ങളിൽ നിന്ന് മണൽക്കുന്നുകൾ കടന്ന് ഹജർ പർവതനിരകളിലൂടെ തുരങ്കങ്ങൾ മറികടന്ന് ഒടുവിൽ ഒമാൻ ഉൾക്കടലിന്റെ തീരത്തുള്ള ഫുജൈറയിൽ എത്തുന്ന ഈ യാത്ര അപൂർവ അനുഭവമാണെന്നാണ് വിലയിരുത്തൽ.
ഒരു യാത്രയിൽ മരുഭൂമിയും പർവതങ്ങളും കടലും ഒരുമിച്ച് കാണാൻ കഴിയുന്ന റെയിൽ യാത്രകൾ ലോകത്ത് വളരെ അപൂർവമാണ്- ഇതിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ട്രെയിൻ ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു.
മെട്രോ, ബസ്, നോയൽ കാർഡുമായി ബന്ധിപ്പിക്കും
ഇതിഹാദ് റെയിൽ ശൃംഖല യുഎഇയിലെ പൊതുഗതാഗത സംവിധാനവുമായി പൂർണമായി സംയോജിപ്പിക്കാനാണ് പദ്ധതി. ഓരോ സ്റ്റേഷനിലും ഫീഡർ ബസുകൾ, ടാക്സികൾ, പ്രാദേശിക പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കും.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷിലെ അഡ്‌നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസുകൾ നിലവിലുണ്ട്. കൂടാതെ എംആർ1, എംആർ2 എന്നീ പുതിയ ബസ് റൂട്ടുകളും ആരംഭിച്ചിട്ടുണ്ട്.
ദുബൈയിൽ ഇതിഹാദ് റെയിൽ സ്റ്റേഷൻ മെട്രോ, ബസ്, ടാക്സി ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കും. നിലവിലുള്ള നോയൽ കാർഡ് ഉപയോഗിച്ച് റെയിലും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാനാകുന്ന സംവിധാനവും ഒരുക്കും.
900 കിലോമീറ്റർ ശൃംഖല
പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ ഇതിഹാദ് റെയിലിന്റെ യാത്രാ ശൃംഖല 900 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും. ഏഴ് എമിറേറ്റുകളിലായി 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ശൃംഖല സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും വ്യാപിക്കുക.
English Summary:
Etihad Rail has announced the phased expansion of its passenger network across the UAE. Dubai and Al Dhaid stations will open on September 30, 2026, followed by additional stations in Al Dhafra later this year and Sharjah University City in March 2027. Introductory fares on the Abu Dhabi–Fujairah route start from Dh55 with a 50% launch discount.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."