പിടിമുറുക്കി ഓണ്‍ലൈന്‍ വ്യാപാരം ഓടിത്തളര്‍ന്ന് തപാല്‍ വകുപ്പ്
ഒലവക്കോട്: സ്വകാര്യ കമ്പനികളുടെ ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സാധാരണക്കാരന്റെ ആശ്രയമായ തപാല്‍ മേഖലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഇതോടെ പാലക്കാട് തപാല്‍ ഡിവിഷനില്‍ തപാല്‍ വൈകുന്നത് പതിവാകുന്നു. രാവിലെ ഒന്‍പതു മുതല്‍ ഓഫിസില്‍ എത്തുന്ന ജീവനക്കാര്‍ മെയില്‍ വണ്ടിയും കാത്ത് മണിക്കൂറുകള്‍ ഇരിക്കേണ്ട അവസ്ഥയാണ്. മറ്റു ജില്ലകളിലും ഇതേ അവസ്ഥ തന്നെയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ ജോലിഭാരവും ഇതോടെ വര്‍ധിച്ചു.
സ്വകാര്യ കമ്പനികളുടെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങളുടെ വിതരണം തപാല്‍ വകുപ്പ് മുഖേന നടത്തുന്നുണ്ട്. ഈ സാധനങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ അത് ഓഫിസുകളില്‍ എത്തിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു. ഇതാണ് പ്രശ്‌നത്തിന് പ്രധാന കാരണം. നിലവില്‍ ഒലവക്കോട് ക്യാഷ് ഓണ്‍ ഡെലിവറി (സി.ഒ.ഡി) ബുക്കിങ് കേന്ദ്രമുണ്ട്.
600 പാഴ്‌സലുകളുണ്ടെങ്കില്‍ തപാല്‍ വഴി കൊണ്ടുപോകുമെന്നാണ് വ്യവസ്ഥ. ഇവിടെനിന്ന് സാധനങ്ങള്‍ ഒലവക്കോട് ആര്‍.എം.എസിലേക്ക് കൊണ്ടുപോകും. ആര്‍.എം.എസിലേക്ക് തന്നെയാണ് ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ തപാലുകള്‍ എത്തുന്നതും.
ആര്‍.എം.എസില്‍ ദിവസവും എത്തുന്ന ആയിരത്തിലേറെ സി.ഒ.ഡി സാധനങ്ങള്‍ വിതരണത്തിനായി അതത് സ്ഥലങ്ങളിലേക്ക് എത്തിക്കണം.
സാധനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് തപാല്‍ വാഹനം നിരവധി തവണ ഓടേണ്ടിവരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഒലവക്കോട് പോസ്റ്റ് ഓഫിസിലേക്കാണ് റെയില്‍ മാര്‍ഗ്ഗം സി.ഒ.ഡി സാധനങ്ങള്‍ കൂടുതല്‍ വരിക. അതുകൊണ്ടുതന്നെ അവിടെക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ തന്നെ വാഹനം രണ്ടു മൂന്നു തവണ പോയി വരേണ്ടിവരും. ഈ സമയം മറ്റിടങ്ങളില്‍ മെയില്‍ എത്തുന്നത് വൈകുന്നു.
നിലവില്‍ ചെറിയ പിക്ക്അപ് വാനിലാണ് മെയിലുകള്‍ കൊണ്ടുപോകുന്നത്. ഈ വാഹനം ഉപയോഗിച്ച് ചരക്ക് നീക്കം അസാധ്യമാണ്. ചെറിയ വാഹനത്തില്‍ കൂടുതല്‍ തവണ ഓടിയാല്‍ മാത്രമേ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരുടെ മുഴുവന്‍ ചരക്കും എത്തിക്കാന്‍ കഴിയൂ. ഡെലിവറി സാധനങ്ങള്‍ മാത്രം ആകുമ്പോഴേക്കും വാഹനം നിറയും.
ഒലവക്കോട് ആര്‍.എം.എസില്‍നിന്ന് സഞ്ചികളിലാക്കിയാണ് മറ്റു സഥലങ്ങളിലേക്ക് തപാല്‍ എത്തിക്കുന്നത്. ഇത് പാലക്കാട് മുതല്‍ കിഴക്കഞ്ചേരിവരെ നീളും. നിലവില്‍ കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂറെങ്കിലും വിതരണം വൈകുന്നുണ്ട്.
മാത്രമല്ല, ക്യാഷ് ഓണ്‍ ഡെലിവറി എന്ന പേരില്‍ വരുന്ന സാധനങ്ങള്‍ ആവശ്യക്കാര്‍ എടുക്കാതെ തിരിച്ചയക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പകുതിയോളം സാധനങ്ങളും ആവശ്യക്കാര്‍ എടുക്കുന്നില്ലെന്നതാണ് സ്ഥിതി. ഇവയും ഇതേ വാഹനത്തില്‍ ആര്‍.എം.എസ് ഓഫിസിലേക്ക് തിരിച്ചയക്കുന്നുണ്ട്. ഒരു മാസത്തോളമായി ഈ വൈകല്‍ തുടങ്ങിയിട്ട്. കത്തുകള്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്കും ഇത് ബുദ്ധിമുട്ടാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."