സഊദിയില്‍ വിദേശികള്‍ക്ക് അനുഗ്രഹമായി ആഭ്യന്തര റിക്രൂട്ട്‌മെന്റ്: നിരവധി സ്ഥാപനങ്ങള്‍ തൊഴിലാളികളെ തേടുന്നു
റിയാദ്: രാജ്യത്ത് സഊദിവല്‍ക്കരണം അതി ശക്തമായി നടക്കുമ്പോഴും വിദേശികളെ രാജ്യത്തിനകത്തു വെച്ച് തന്നെ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവുമായി സഊദി തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയത് വിദേശികള്‍ക്ക് അനുഗ്രഹമാകുന്നു. മന്ത്രാലയം ആരംഭിച്ച 'കവാദിര്‍ ലേബര്‍' പോര്‍ട്ടല്‍ മുഖേനയായാണ് കമ്പനികള്‍ രാജ്യത്തിനകത്തും വെച്ച് തന്നെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. വിദേശ തൊഴിലാളികളെ തേടുന്നതിനായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് ഈ സംവിധാനം മുന്നോട്ട് വെച്ചത്. ഇതിനകം തന്നെ രാജ്യത്തെ 700 ലധികം സ്ഥാപനങ്ങള്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിച്ചു അവര്‍ക്കു ആവശ്യമായ വിദേശ തൊഴിലാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിലവില്‍ കമ്പനികള്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത തൊഴിലാളികളെ ഈ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്താനാകും. ഇതോടെ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ എക്‌സിറ്റ് നല്‍കി പറഞ്ഞയക്കാതെ മറ്റു കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നടത്താന്‍ അനുമതി നല്‍കുന്നതോടെ വിദേശികള്‍ക്ക് ഇത് സഹായകരമാണ്. ഇതിനകം തന്നെ 2500 ഓളം വിദേശ തൊഴിലാളികളുടെ വിവരങ്ങള്‍ വിവിധ സ്‌പോണ്‍സര്‍മാര്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഇതിനകം തന്നെ സൈറ്റ് സന്ദര്‍ശിച്ചു ആവശ്യമുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
കമ്പനികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പുതിയ വിസകള്‍ നല്‍കുന്നത് കുറക്കാന്‍ കവാദിര്‍ സമ്പ്രദായത്തിലൂടെ സാധിച്ചുവെന്നും മന്ത്രാലയം വിലയിരുത്തപ്പെടുന്നുണ്ട്. അതെ സമയം, സഊദി വല്‍ക്കരണ പ്രക്രിയ മൂലം സ്ഥാപനങ്ങള്‍ പച്ച കാറ്റഗറിയും അതിനു മുകളിലുള്ള കാറ്റഗറിയും ആണെങ്കില്‍ മാത്രമേ തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളിലേക്ക് നല്‍കുന്നതിന് കവാദിര്‍ ലേബര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിദേശികള്‍ കൊഴിഞ്ഞു പോകുന്നത് വ്യാപകമായിട്ടുണ്ട് . നീതിന്യായം, നയതന്ത്രം, കുറ്റാന്വേഷണം എന്നീ വകുപ്പുകളില്‍ ഒരു വിദേശിയും തൊഴിലെടുക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."