ഹിജ്‌റ; അതിജീവനത്തിന്റെ കരുത്തും കരുതലും
വിശ്വസ്തനും സത്യസന്ധനും സര്‍വാംഗീകൃതനുമായിട്ടാണ് നബി(സ്വ) 40 വര്‍ഷം മക്കയില്‍ ജീവിച്ചത്. നാല്‍പതാം വയസില്‍ പ്രവാചകത്വം ലഭിച്ചു. അതോടെ സത്യപ്രബോധനവും അല്ലാഹുവിലേക്കുള്ള ക്ഷണവും തുടങ്ങി. പുതിയ ദൗത്യവുമായുള്ള നബി(സ്വ)യുടെ രംഗപ്രവേശം മക്കക്കാര്‍ക്ക് അസഹ്യമായിരുന്നു. വഞ്ചകനും മാന്ത്രികനും വ്യാജപ്രചാരകനുമായി അവര്‍ നബി(സ്വ)യെ മുദ്രകുത്തി. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും നബി(സ്വ)യെ പിന്തിരിപ്പിക്കാന്‍ അവര്‍ തീവ്രയത്‌നം നടത്തി. അതെല്ലാം പരാജയത്തിലാണ് കലാശിച്ചത്. ഇസ്‌ലാമില്‍ വിശ്വസിച്ചവര്‍ മക്കക്കാരുടെ കഠിന പീഡനങ്ങള്‍ക്കിരയായി. യാസിര്‍(റ), സുമയ്യ(റ), അമ്മാര്‍(റ), ബിലാല്‍(റ), ഖബ്ബാബ്(റ) തുടങ്ങിയവര്‍ വിശ്വാസത്തിന്റെ പേരില്‍ ഇരകളാക്കപ്പെട്ടവരില്‍ ചിലരാണ്. അവര്‍ അനുഭവിച്ച യാതനകള്‍ ഹൃദയഭേദകവും വിവരണാതീതവുമായിരുന്നു.
അബൂത്വാലിബിന്റെയും ഖദീജ(റ)യുടെയും സംരക്ഷണം പല കൈയേറ്റങ്ങളില്‍ നിന്നു നബി(സ്വ)യെ രക്ഷപ്പെടുത്തി. ചിലപ്പോഴെങ്കിലും ബഹുദൈവ വിശ്വാസികളില്‍നിന്ന് അസഹ്യമായ അനുഭവങ്ങള്‍ നബി(സ്വ)ക്ക് ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ നബി(സ്വ)യുടെ പൂമേനി മണ്ണില്‍ കുളിപ്പിച്ചാണ് അവര്‍ കലി തീര്‍ത്തത്. നബി(സ്വ)യോട് മക്കയിലെ പ്രമുഖര്‍ ചെയ്ത ക്രൂരകൃത്യങ്ങളെ മഹാകവി വള്ളത്തോള്‍ അനാവരണം ചെയ്യുന്നുണ്ട്;
''വിജ്ഞാന ഗര്‍ഭം തിരുമൗലി തൊട്ടു
സന്മാര്‍ഗ സഞ്ചാരി പദം വരേക്കും
പാംസൂല്‍ക്കരം പറ്റിയ ശുദ്ധിമാനെ
പ്പാര്‍ത്തെങ്ങു തെമ്മാടികള്‍ കൂക്കിയാര്‍ത്തു:
അയ്യയ്യ, മണ്‍ കൊണ്ടഭിഷിക്തനായി
ക്കഴിഞ്ഞുവല്ലോ, മത സാര്‍വ ഭൗമന്‍;
മുഴക്കുവിന്‍ ഹേ ജയ ശബ്ദമെങ്ങും;
വാഴട്ടെ,യിസ്‌ലാം തിരുമേനി നീണാള്‍!'
അന്നീ നരസ്‌നേഹി നമസ്‌കരിച്ചു
കിടന്നപോതി ത്തിരുവങ്കഴുത്തില്‍
ഒരൊട്ടകത്തിന്‍ കുടല്‍മാല ചാര്‍ത്തി
പ്പാനേ ലഭിച്ചുള്ളൂ നമുക്ക് ഭാഗ്യം!''
ദുര്‍ഗമ പാതയിലൂടെയുള്ള മക്കാ ജീവിതം ദുസഹമായപ്പോള്‍ പല സ്വഹാബികളും ദേശത്യാഗംചെയ്തു. രണ്ട് ഘട്ടങ്ങളിലായി എത്യോപ്യയിലേക്കാണ് അവര്‍ പലായനം ചെയ്തത്. 45 പുരുഷന്മാരും 23 സ്ത്രീകളുമാണ് രണ്ട് പലായന സംഘങ്ങളിലുമായി എത്യോപ്യയില്‍ അഭയം തേടിയത്. പുതിയ വിശ്വാസത്തോടെ സ്വസ്ഥജീവിതം അബൂബക്ര്‍(റ)വിന് പോലും അസാധ്യമായിരുന്നു.
ഒരുവേള അദ്ദേഹം മക്ക വിട്ട് യാത്ര പോയി. വഴിമധ്യേ ബര്‍കുല്‍ ഗിമാദില്‍വച്ച് ഇബ്‌നുദ്ദുഗുന്നയെ കാണാനിടയായി. യാത്രാകാരണങ്ങള്‍ അറിഞ്ഞപ്പോള്‍ അദ്ദേഹം അബൂബക്കര്‍(റ)വിനെ മക്കയിലേക്ക് മടക്കിക്കൊണ്ടുവന്നു. അബൂബക്കര്‍(റ)വിനെപ്പോലുള്ള ഒരാളുടെ തിരോധാനം മക്കക്കാര്‍ക്ക് അപകീര്‍ത്തി വരുത്തുമെന്ന് അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. അങ്ങനെയാണ് അബൂബക്കര്‍(റ) മക്കയില്‍ തുടര്‍ജീവിതം നയിക്കാന്‍ തീരുമാനിച്ചത്. ത്വാഇഫില്‍ പ്രതിബന്ധങ്ങളില്ലാതെ പ്രബോധനം സാധ്യമാകുമെന്ന് നിനച്ചാണ് നബി(സ്വ) അവിടെയെത്തിയത്. അവരുടെ പ്രതികരണം മറിച്ചായിരുന്നു. കല്ലേറും ആക്ഷേപഹാസ്യങ്ങളുമായാണ് നബി(സ്വ) ത്വാഇഫില്‍നിന്ന് മക്കയില്‍ തിരിച്ചെത്തിയത്.
പീഡനങ്ങളില്‍ തളരാതെ നബി(സ്വ) തന്റെ പ്രബോധനം അനവരതം തുടര്‍ന്നു. ഹജ്ജ് വേളയില്‍ മക്കയിലെത്തുന്ന അന്യദേശക്കാര്‍ക്കിടയില്‍ പ്രബോധനം നടത്താന്‍ നബി(സ്വ) സമയം കണ്ടെത്തി. ഒരു രാത്രി തന്റെ കൂട്ടുകാരുടെ കൂടെ മിനാ താഴ്‌വരയിലൂടെ നടക്കുകയായിരുന്നു നബി(സ്വ). അപ്പോള്‍ മദീനാ നിവാസികളായ ആറു ചെറുപ്പക്കാരെ അവര്‍ കാണാനിടയായി. അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. പ്രവാചകര്‍(സ്വ)യുടെ ക്ഷണത്തെ അവര്‍ സര്‍വാത്മനാ സ്വീകരിച്ചു. പുതിയ സന്ദേശം മദീനയില്‍ പ്രചരിപ്പിക്കാമെന്ന ഉറപ്പോടെയാണ് അവര്‍ മടങ്ങിയത്. പിറ്റേ വര്‍ഷം ഈ ആറംഗ സംഘത്തിലെ അഞ്ചുപേരുള്‍പ്പടെ പന്ത്രണ്ടുപേര്‍ അഖബയില്‍ വെച്ച് നബി(സ്വ)യുമായി സന്ധിയിലേര്‍പ്പെട്ടു. മതം പഠിപ്പിക്കാന്‍ ഒരാളെകൂടെ വിടണമെന്ന് അവര്‍ നബി(സ്വ)യോട് ആവശ്യപ്പെട്ടു. മുസ്അബുബ്‌നു ഉമൈര്‍(റ)വിനെ നബി(സ്വ) അവരുടെ കൂടെ മദീനയിലേക്കയച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി മദീനയില്‍ ഇസ്‌ലാം പ്രചുരപ്രചാരം നേടി.
അടുത്ത വര്‍ഷം മദീനയില്‍നിന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ എഴുപതില്‍പരം മുസ്‌ലിംകളാണ് ഹജ്ജിന് മക്കയിലെത്തിയത്. അവരുമായി അഖബയില്‍ വച്ച് നബി(സ്വ) രണ്ടാം കരാറില്‍ ഏര്‍പ്പെട്ടു. ''സ്വന്തം മക്കള്‍ക്കും ഭാര്യമാര്‍ക്കും സംരക്ഷണം നല്‍കുംപ്രകാരം എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ മദീനയില്‍ അഭയം പ്രാപിക്കുമെന്ന് നബി(സ്വ) അവര്‍ക്ക് വാക്ക് കൊടുത്തു. അവരത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ നബി(സ്വ) സ്വഹാബികള്‍ക്കിടയില്‍ ഹിജ്‌റാ വിളംബരം നടത്തി. സ്വഹാബികള്‍ ഘട്ടംഘട്ടമായി മദീനയിലേക്ക് പലായനം ചെയ്തു. മുസ്‌ലിംകളുടെ മദീനാ ഹിജ്‌റ ബഹുദൈവ വിശ്വാസികളെ അസ്വസ്ഥരാക്കി.
മദീനയിലെ ഇസ്‌ലാമിന്റെ വളര്‍ച്ചയെ ഭീതിയോടെയാണ് അവര്‍ നിരീക്ഷിച്ചത്. പലരെയും ഹിജ്‌റയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അവര്‍ ആവതു പരിശ്രമിച്ചു. ഹിജ്‌റാ ചരിത്രത്തില്‍ വീരചരിതം തീര്‍ത്ത ത്യാഗിയായിരുന്നു സുഹൈബ്(റ). ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മദീനായാത്രയ്ക്ക് തയ്യാറായ അദ്ദേഹത്തെ ഖുറൈശികള്‍ സമീപിച്ചു; നീ റോമില്‍നിന്ന് മക്കയിലെത്തിയത് ദരിദ്രനും അപ്രശസ്തനുമായിട്ടാണ്. നീ സമ്പാദിച്ചതെല്ലാം ഞങ്ങളില്‍ നിന്നാണ്. അതുകൊണ്ട് സമ്പാദ്യങ്ങളുമായി നാടുവിടാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സമ്പത്ത് മുഴുവന്‍ മക്കക്കാര്‍ക്കു നല്‍കി വെറുംകൈയോടെയാണ് സുഹൈബ്(റ) മദീനയിലേക്ക് തിരിച്ചത്.
അദ്ദേഹത്തിന്റെ അര്‍പ്പണ ബോധത്തെ ശ്ലാഘിച്ചുകൊണ്ട് ഖുര്‍ആന്‍ വാക്യം അവതരിച്ചു: ''മറ്റു ചില മനുഷ്യരുണ്ട്; അല്ലാഹുവിന്റെ പ്രീതി കൊതിച്ച് സ്വന്തത്തെത്തന്നെ അദ്ദേഹം വില്‍ക്കാന്‍ തയാറാകുന്നു''(2:207). ഭാര്യയെയും മകനെയും തന്നില്‍നിന്ന് വേര്‍പ്പെടുത്തിയാണ് അബൂസലമ(റ)വിനെ ഹിജ്‌റയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ശ്രമിച്ചത്. പക്ഷേ, അതും വിജയം കണ്ടില്ല.
സ്വഹാബികളില്‍ ഭൂരിഭാഗവും മദീനയിലെത്തിയതിനു ശേഷമാണ് നബി(സ്വ) ഹിജ്‌റക്കൊരുങ്ങിയത്. അന്നേരം ഖുറൈശികള്‍ നബി(സ്വ)യെ വധിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നബി(സ്വ) രാപ്പാര്‍ത്ത വീട് ഖുറൈശി പ്രമുഖര്‍ വളഞ്ഞു. സൂറത്തു യാസീനിലെ ഏതാനും വാക്യങ്ങള്‍ ഉരുവിട്ട് ഒരുപിടി മണ്ണ് വാരി നബി(സ്വ) അവര്‍ക്കിടയില്‍ എറിഞ്ഞു. സുരക്ഷിതമായി അവര്‍ക്കിടയിലൂടെ നബി(സ്വ) തന്റെ സഹയാത്രികനായ അബൂബക്കര്‍(റ)വിന്റെ വീട്ടിലെത്തി. ഖുര്‍ആന്‍ അതു വിവരിക്കുന്നതിപ്രകാരമാണ്: ''താങ്കളെ തടവിലാക്കാനോ, കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ തന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികച്ചവനത്രെ അവന്‍'' (8:30).
മുന്‍നിശ്ചയപ്രകാരം ഇരുവരും യാത്ര തുടങ്ങി. മക്കയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സൗര്‍ ഗുഹയില്‍ അവര്‍ മൂന്ന് ദിവസം രാപ്പാര്‍ത്തു. അവര്‍ക്ക് വേണ്ട പാഥേയമൊരുക്കിയത് അസ്മാഅ്(റ)യായിരുന്നു. പകല്‍ സമയങ്ങളില്‍ മക്കയിലെ നീക്കങ്ങള്‍ അറിയിക്കാന്‍ അബ്ദുല്ല(റ) ചുമതലപ്പെടുത്തി. അബ്ദുല്ല(റ)വിന്റെ പോക്കുവരവുകള്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ ഇടയനായ ആമിറുബ്‌നു ഫുഹൈറയെയാണ് ഏല്‍പിച്ചിരുന്നത്.
അവരുടെ വഴികാട്ടിയാകട്ടെ ബഹുദൈവ വിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിതും, ഖുറൈശികള്‍ക്ക് പിന്തുടര്‍ന്ന് പിടികൂടാന്‍ കഴിയാത്ത അപരിചിത വഴിയിലൂടെയാണ് അദ്ദേഹം അവരെ മദീനയില്‍ എത്തിച്ചത്. ക്രി. 622 സെപ്റ്റംബര്‍ 12ന് യാത്ര പുറപ്പെട്ട അവര്‍ സെപ്റ്റംബര്‍ 23ന് സുരക്ഷിതരായി മദീനയിലെത്തി. ഹര്‍ഷാരവങ്ങളോടെയാണ് മദീനക്കാര്‍ അവരെ സ്വീകരിച്ചത്.
ഒരു പുതിയ സമൂഹ നിര്‍മിതിയുടെ മികച്ച മാതൃകയായിട്ടാണ് ഹിജ്‌റ ചരിത്രത്തില്‍ അടയാളപ്പെട്ട് കിടക്കുന്നത്. ആ സമൂഹത്തിലെ ജ്ഞാനിയുടെയും നാട്ടുപ്രമാണിയുടെയും സ്ഥാനത്ത് നബി(സ്വ)യും അബൂബക്കര്‍(റ)വുമാണ് നില്‍ക്കുന്നത്. സ്ത്രീയുടെ സാന്നിധ്യം അസ്മാഅ്(റ)യും കുട്ടിയുടെയും പാര്‍ശ്വവല്‍കൃതരുടെയും സ്ഥാനം അബ്ദുല്ല(റ)വും ആമിറുബ്‌നു ഫുഹൈറയും അടയാളപ്പെടുത്തുന്നു. നബി തിരുമേനിക്ക് വഴികാട്ടിയായ പ്രവര്‍ത്തിച്ച അവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉറൈഖിതിന്റെ ചരിത്രം ഇസ്‌ലാമിന്റെ സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും പ്രതീകമായി നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."