സര്‍ക്കാര്‍ മാറിയിട്ടും ശനിദശ മാറാതെ പൊതുമേഖലാ മരുന്നുനിര്‍മാണശാല
ആലപ്പുഴ: 252 കോടി രൂപയുടെ വികസന പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുമേഖലയിലുള്ള ഏക മരുന്നുനിര്‍മാണശാലയായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിയില്ല. സര്‍ക്കാര്‍ മാറിയിട്ടും മരുന്നുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഉദ്യോഗസ്ഥ ലോബിയും അന്യസംസ്ഥാന മരുന്നു കമ്പനികളും ചേര്‍ന്നാണ് സ്ഥാപനത്തെ നശിപ്പിക്കുന്നത്. മറ്റ് കമ്പനികളില്‍ നിന്നും മരുന്നു വാങ്ങിയാല്‍ വന്‍തുക ഇവര്‍ക്ക് കമ്മീഷനായി ലഭിക്കും. എന്നാല്‍ ഇവിടെ നിന്നും കമ്മീഷന്‍ ലഭ്യമല്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് കമ്പനിയോട് താല്‍പര്യം കുറയാന്‍ കാരണം. പൊതുമേഖലാ മരുന്നുകമ്പനികളില്‍ നിന്നു മാത്രമേ മരുന്ന് വാങ്ങാവൂ എന്ന് നിബന്ധന വെച്ചിട്ടുണ്ട്. എന്നാല്‍ തികഞ്ഞ അവഗണനയാണ് ഈ മരുന്നുനിര്‍മാണ ശാലയോട് പുലര്‍ത്തുന്നത്.
നിലവില്‍ ഇവിടെ മൂന്നരക്കോടിയോളം രൂപ വിലമതിക്കുന്ന മരുന്നുകള്‍ കെട്ടിക്കിടന്ന് നശിക്കുന്നുണ്ട്. നാലുമാസങ്ങള്‍ കഴിഞ്ഞാല്‍ ഇതിന്റെ കാലാവധി അവസാനിക്കും. 2008ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നുകളും സംസ്ഥാന മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. ഓരോ മരുന്നുകള്‍ക്കുള്ള വിലയും അന്ന് നിശ്ചയിച്ചിരുന്നു. 2011- 12ല്‍ മൂന്നരക്കോടി ലാഭത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ 1,80, 00,000രൂപയുടെ സാമ്പത്തികനഷ്ടം സംഭവിച്ചു. മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങുന്ന മരുന്നുകള്‍ക്ക് നല്‍കിയിരുന്ന വില വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധിക്ക് ആക്കം കൂടിയത്. ഈ വര്‍ഷം ഇതുവരെ പത്തുകോടി രൂപയുടെ മരുന്നുകളാണ് മെഡിക്കല്‍ കോര്‍പറേഷന്‍ വാങ്ങിയിരിക്കുന്നത്. നേരത്തെ 45 ഇനം മരുന്നുകള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നത് 12 ഇനങ്ങളിലേക്കൊതുങ്ങി.എട്ടുമണിക്കൂര്‍ കൊണ്ട് ഒന്നരലക്ഷം ഗുളികകള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഒരുമണിക്കൂര്‍കൊണ്ട് 1.30 ലക്ഷം ഗുളികകള്‍ ഉത്പാദിപ്പിക്കാമെന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതിന് ജി.എം.പി. (ഗുഡ് മാനുഫാക്ചര്‍ പ്രാക്ടീസ്)സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ ഏതു മാര്‍ക്കറ്റിലും സ്വീകാര്യത ലഭിക്കുമെങ്കിലും ഉപയോഗപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മാത്രമായി 300 കോടിയിലധികം രൂപയുടെ മരുന്ന് ആവശ്യമുണ്ടെങ്കിലും മരുന്ന് സംസ്ഥാനം കാര്യമായി വാങ്ങുന്നില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 19 കോടിയുടെ ഓര്‍ഡര്‍ മാത്രമാണ് നല്‍കിയത്. നൂറുകോടിയോളം രൂപയുടെ ഉത്പാദനശേഷിയുള്ള ഫാക്ടറിക്ക് തുച്ഛമായ ഓര്‍ഡര്‍ കൊണ്ട് പിടിച്ചുനില്‍ക്കാനാവില്ല. 19 കോടിയുടെ ഓര്‍ഡര്‍ മാസങ്ങള്‍ക്കുള്ളില്‍ ഉത്പാദിപ്പിച്ചുനല്‍കി ഫാക്ടറി ജീവനക്കാര്‍ വെറുതെയിരിക്കേണ്ട ഗതികേടിലാണ്.
വര്‍ഷങ്ങളായി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ ഓര്‍ഡര്‍ ലഭിക്കുന്നതിന്റെ കാരുണ്യത്തിലാണ് സ്ഥാപനം പിടിച്ച് നില്‍ക്കുന്നത്.
കമ്പനിയുടെ പുതിയ ചെയര്‍മാനായി സി. ബി ചന്ദ്രബാബുവിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. തലപ്പത്തുള്ള മാറ്റം കെ.എസ്.ഡി.പിയ്ക്ക് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."