കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് രണ്ട് മാസമായി ശമ്പളമില്ല; തൊഴിലാളികള്‍ മാനേജരെ ഉപരോധിച്ചു ശമ്പളം നല്‍കാന്‍ ധാരണയായി
കല്‍പ്പറ്റ: വര്‍ഷങ്ങളായി ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന മാനേജ്‌മെന്റ് രണ്ട് മാസമായി ശമ്പളം കൂടി തടഞ്ഞതോടെ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ 280ഓളം തൊഴിലാളികള്‍ ദുരിതത്തില്‍. ഇതേ തുടര്‍ന്ന് ഇന്നലെ തൊഴിലാളികള്‍ എസ്‌റ്റേറ്റ് മാനേജരെ ഉപരോധിച്ചു. പുല്‍പ്പാറ എസ്‌റ്റേറ്റില്‍ ഉച്ചക്ക് രണ്ട് വരെ നീണ്ട ഉപരോധ സമരത്തിനൊടുവില്‍ വൈകിട്ടോടെ ഓഗസ്റ്റിലെ ശമ്പളം നല്‍കാമെന്ന് മാനേജര്‍ സമ്മതിച്ചു. വൈകിട്ട് തൊഴിലാളികള്‍ക്ക് എസ്‌റ്റേറ്റ് ഓഫിസില്‍ നിന്നും ശമ്പളവും നല്‍കി. സെപ്റ്റംബറിലെ ശമ്പളം ഈമാസം 20നും ശമ്പളക്കുടിശിക നവംബര്‍ 15നുള്ളിലും നല്‍കാമെന്നും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടറുടെ മധ്യസ്തതയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജര്‍ ഉറപ്പ് നല്‍കി. നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഈമാസം 20ന് എസ്‌റ്റേറ്റിലെത്തുന്ന ഉടമസ്ഥനുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി നേതാവ് ഗിരീഷ് കല്‍പ്പറ്റ, സി.ഐ.ടി.യു നേതാവ് ബാലകൃഷ്ണന്‍, എച്ച്.എം.എസിലെ ഡി. രാജന്‍, ടി.യു.സി.ഐയുടെ നസിറുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ മാനേജരുമായി ചര്‍ച്ച നടത്തിയത്. പെരുന്തട്ട 1, 2, പുല്‍പ്പാറ എന്നിവിടങ്ങളിലായി 625 ഏക്കറിലാണ് ഏല്‍സ്റ്റണ്‍ എസ്‌റ്റേറ്റ്. മാനേജ്‌മെന്റില്‍ നിന്നും 2012ന് ശേഷം തങ്ങള്‍ക്ക് ഒരുവിധ ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. ലയങ്ങള്‍ ഏത് നിമിശവും തകരുമെന്ന അവസ്ഥയിലാണ്. അറ്റക്കുറ്റ പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എസ്‌റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടറില്ല, മെഡിക്കല്‍ ബില്‍ ലഭിച്ചിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടു. കുടിവെള്ള വിതരണം പോലും നിലച്ചിരിക്കുകയാണ്. പുതപ്പടക്കമുള്ള ആനുകൂല്ല്യങ്ങളും തൊഴിലാളികള്‍ക്ക് ഓര്‍മ മാത്രമായി. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ മാനേജ്‌മെന്റിനെതിരേ പ്രതിഷേധിക്കാനോ മറ്റോ നിന്നില്ല. തങ്ങളുടെ തൊഴിലിനുള്ള വേതനം ലഭിക്കുന്നുണ്ടെന്ന ആശ്വാസമായിരുന്നു അവര്‍ക്ക്.
എന്നാല്‍ ശമ്പളവും മുടങ്ങിത്തുടങ്ങിയതോടെ തൊഴിലാളികള്‍ പ്രക്ഷോഭം സംഘടിപ്പിക്കേണ്ട ഗതിയിലായി. ഇതേതുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ 10.30ഓടെ തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ഈ സമരം ഫലം കണ്ടത് തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന് വക നല്‍കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."