തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക് സ്‌പെഷ്യാലിറ്റി പദവി: മന്ത്രി കെ.കെ ശൈലജ
കൊച്ചി: ജില്ലാ, താലൂക്ക് ആശുപത്രികളുടെ ഘടന മാറ്റി ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുമ്പോള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഈ വര്‍ഷം 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി പ്രാഥമികാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും കീഴില്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ പരിരക്ഷ ലഭ്യമാക്കും. ഓരോ രോഗികള്‍ക്കും വ്യക്തിപരമായ പരിരക്ഷ ഇതുവഴി ഉറപ്പാക്കും.
കുടുംബ ഡോക്ടര്‍ അല്ലെങ്കില്‍ ജനറല്‍ പ്രാക്ടീഷണര്‍ എന്ന നിലയിലാകും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പ്രവര്‍ത്തിക്കുക. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
മുന്‍ എം.എല്‍.എ കെ. ബാബുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും നഗരസഭയുടെ 10 ലക്ഷം രൂപയും സിയാലിന്റെ സാമ്പത്തിക സഹായവും പ്രൊഫ. വത്സന്‍ സംഭാവന നല്‍കിയ ആറു ലക്ഷം രൂപയും ചേര്‍ത്താണ് ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. മൂന്ന് രോഗികള്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താം. ബി.പി.എല്‍ രോഗികള്‍ക്ക് 200 രൂപ നിരക്കിലും എപിഎല്‍ രോഗികള്‍ക്ക് 500 രൂപ നിരക്കിലും ഡയാലിസിസ് നടത്താം. എറണാകുളം, ആലുവ, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികളിലാണ് ജില്ലയില്‍ നിലവില്‍ ഡയാലിസിസ് സൗകര്യമുള്ളത്.
സൂപ്രണ്ട് ഡോ. വി.ആര്‍. വനജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ.എം സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാ ദേവി, നഗരസഭ വൈസ് ചെയര്‍മാന്‍ ഒ.വി സലിം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ നിഷ രാജേന്ദ്രന്‍, ഇ.കെ കൃഷ്ണന്‍ കുട്ടി, ദീപ്തി സുമേഷ്, ഷീന ഗിരീഷ്, ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.ആര്‍ വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാധിക വര്‍മ്മ, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍, ഡി.പി.എം ഡോ. മാത്യൂസ് നമ്പേലില്‍, പ്രൊഫ. വത്സന്‍, നഗരസഭ സെക്രട്ടറി കെ.ടി ജയിംസ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ എ.എന്‍ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."