HOME
DETAILS
MAL
ഗതാഗത മേഖലയിലേക്ക് സ്വദേശികളെ കിട്ടുന്നില്ല; സഊദിവല്‍ക്കരണ തോത് കുറയ്ക്കണമെന്ന് ആവശ്യം
backup
May 10 2016 | 14:05 PM
ദമ്മാം: ഗതാഗത മേഖലയിലേക്ക് വേണ്ടത്ര സ്വദേശികളെ ലഭിക്കാത്തത് സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തിരിച്ചടിയാകുന്നു. ഗതാഗത മേഖലയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പാക്കണമെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ ആവശ്യം നടപ്പിലാക്കാന്‍ കഴിയുകയില്ലെന്ന കണക്കുകളുമായി ചേംബര്‍ ഓഫ് കോമേഴ്‌സ് ദേശീയ ഗതാഗത കമ്മിറ്റിയാണ് രംഗത്തെത്തിയത്. സ്വദേശിവല്‍ക്കരണ തോത് പുന:പരിശോധിക്കണമെന്നും 20 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഗതാഗത മേഖലയില്‍ സ്വദേശികള്‍ വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഇതിനാല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ കമ്പനികള്‍ പ്രയാസപ്പെടുകയാണ്. ആകര്‍ശകമായ ആനുകൂല്യങ്ങളും വേതനവും നല്‍കിയിട്ടും സ്വദേശികള്‍ ഡ്രൈവര്‍ ജോലി ചെയ്യാന്‍ വിമുഖത കാണിക്കുകയാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ ബന്തര്‍ അല്‍ ജാബിരി പറഞ്ഞു.
തൊഴില്‍ മന്ത്രാലയത്തിന്റെ മറ്റു സേവനങ്ങള്‍ ലഭിക്കാന്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കി ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടണമെന്നതിനാല്‍ ഇത്തരം ഘട്ടത്തില്‍ കമ്പനികള്‍ പ്രയാസപ്പെടുകയാണ്. സ്വദേശിവല്‍ക്കരണതോത് അഞ്ച് ശതമാനം മുതല്‍ ആറു ശതമാനം വരെയാക്കി കുറക്കണമെന്നും ഗതാഗത മത്രാലയവും തൊഴില്‍ മന്ത്രാലയവും പുന:പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാഹന ഇന്‍ഷൂറന്‍സ് വര്‍ധനവ് സഊദി മോണിറ്ററിംഗ് ഏജന്‍സി അംഗീകരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇനിയും ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നത് മൂലം ടാക്‌സി കമ്പനികള്‍ നിരക്ക് വര്‍ധനവിന് നിര്‍ബന്ധിതതയാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ സുഗമമായ നടത്തിപ്പിനായി മേഖലയിലെ നിലവിലെ നിയമങ്ങളും മറ്റും പുനഃപരിശോധിക്കണമെന്നും അല്‍ ജാബിരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."