മോഷ്ടാക്കളെ പിന്തുടര്‍ന്നോടിയ വീട്ടുടമയെ പരുക്കേല്‍പിച്ചു
ചാവക്കാട്: ബ്രഹ്മകുളം റെയില്‍വേ ഗേറ്റിന് സമീപമുള്ള വീട്ടില്‍ മോഷണം. മോഷ്ടാക്കളെ പിന്തുടര്‍ന്നോടിയ വീട്ടുടമയെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പരുക്കേല്‍പിച്ചു.
അറക്കല്‍ ശശിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മോഷണം നടന്നത്. ഓലക്കുടിലിലാണ് ശശിയും ഭാര്യയും മക്കളും മാതാവും അടങ്ങുന്ന കുടുംബം കഴിയുന്നത്. കുടിലിന്റെ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടന്നുറങ്ങുകയായിരുന്ന ശശിയുടെ മകള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അന്യയുടെ മാല മോഷ്ടാക്കള്‍ പൊട്ടിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അമ്മ തങ്കമണിയാണ് വീടിനകത്ത് മോഷ്ടാക്കളെ കണ്ടത്.
തങ്കമണി നിലവിളിച്ചതോടെ മറ്റുള്ളവര്‍ എഴുന്നേറ്റു. ഇതോടെ മോഷ്ടാക്കള്‍ ഇറങ്ങിയോടി. വീട്ടുടമ ശശി ഇവരെ പിന്തുടര്‍ന്ന് ഒരാളെ പിടികൂടിയെങ്കിലും മറ്റേയാള്‍ ശശിയുടെ തലക്ക് കല്ലുകൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിന് മുമ്പേ ഇരുവരും ഓടിരക്ഷപ്പെട്ടു. മോഷ്ടാക്കള്‍ കവര്‍ന്ന പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ പിന്നീട് വീടിന്റെ പരിസരത്തു നിന്നും കിട്ടി. പൊട്ടിച്ചെടുത്ത മാല മുക്കുപണ്ടമായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ശശി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ തലയില്‍ അഞ്ച് തുന്നലുണ്ട്. ചാവക്കാട് പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."