ഇസ്മായിലിന്റെ മരണം: പ്രതികളെ പിടികൂടാനായില്ല
കൊടുവള്ളി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ഹവാല മാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ സംഭവത്തില്‍ പ്രതികളെ പിടികൂടാനായില്ല. പെരിയാംതോട് രാരോത്ത്ചാലില്‍ അഹമ്മദ് കോയയുടെ മകന് ഇസ്മായില്‍ (46) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. ചികിത്സയിലിരിക്കേ ഇസ്മായിലിന്റെ മൊഴി പൊലിസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നു.
ഇസ്മായിലിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആവിലോറ മണ്ണില്‍ക്കടവ് പാറക്കല്‍ മുഹമ്മദ് എന്ന ആപ്പു(35), വാവാട് സെന്റര്‍ ബസാര്‍ കപ്പലാംകുഴിയില്‍ മനാഫ് (36) എന്നിവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇസ്മായിലിന്റെ മരണത്തിന് ശേഷം ആത്മഹത്യ പ്രേരണക്കുറ്റം കൂടി ഇവര്‍ക്കെതിരേ ചുമത്തി. ഇസ്മായില്‍ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി കൊടുവള്ളിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നു.
ഇസ്മായിലിന്റെ മരണത്തിന് ഉത്തരവാദികളായ ക്രിമിനലുകളെ നിയമത്തിന് മുന്പില് കൊണ്ടുവരണമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ വൈസ് ചെയര്മാന് എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. കല്ലിടുക്കില്‍ അബു, കോതൂര്‍ മുഹമ്മദ്, ആര്.സി അഹമ്മദ് കുട്ടി, കെ.സി.എന്‍ അഹമ്മദ് കുട്ടി, പി.ടി.സദാശിവന്, സി.പി.അബ്ദുല്‍ റസാഖ്, വേളാട്ട് അഹമ്മദ്, വേളാട്ട് മുഹമ്മദ്, ഒ.പി.റസാഖ്, സി.കെ.ജലീല്‍, കെ.കെ.എ കാദര്‍, ഒ.പി.ഐ കോയ, പി.ടി.മൊയ്തീന് കുട്ടി, ടി.കെ.മുഹമ്മദ്, കെടയന്‍ മുഹമ്മദ് സംസാരിച്ചു. ജനകീയ സമിതി അംഗങ്ങള്‍ ഇന്ന് രാവിലെ 11.30 ന് കൊടുവള്ളി സി.ഐയുമായി ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."