തരിശുനിലം ഇനി ജലസംഭരണി
തളിപ്പറമ്പ്: നാട്ടുകാരുടെ കൂട്ടായ്മയും ജനപ്രതിനിധികളും സര്‍ക്കാരും ഒത്തൊരുമിച്ചപ്പോള്‍ അതികുളം നവീകരണം പൂര്‍ത്തിയായി. ഇതോടെ പച്ചക്കറി കൃഷിയിടമായിരുന്ന സ്ഥലം നാടിന്റെ കാര്‍ഷിക മേഖലക്ക് ഏറെ ഗുണകരമാകുന്ന ജലസംഭരണിയായി മാറി. ആന്തൂര്‍ നഗരസഭയിലെ പാളിയത്ത്‌വളപ്പ് വാര്‍ഡിലുളള കുളത്തിന് ഒരേക്കറോളം വിസ്തൃതിയുണ്ട്. ആദികുളങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിന്റെ അധീനതയിലായിരുന്ന കുളം നാട്ടുകാര്‍ ഏറ്റെടുത്തു പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണു പുനരുദ്ധരിച്ചത്. മോറാഴ മുതല്‍ പണ്ണേരി വരെ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ പാടശേഖരത്തിന്റെ വലിയൊരുഭാഗം ജലസേചന സൗകര്യമില്ലാത്തതു കാരണം വര്‍ഷങ്ങളായി തരിശിട്ടുവരികയായിരുന്നു. ഏക്കര്‍ കണക്കിനു സ്ഥലത്ത് ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചു മൂന്നാം വിള നെല്‍കൃഷി നടത്താനും പച്ചക്കറി കൃഷി നടത്താനും സാധിക്കും.മുന്‍ എം.എല്‍.എ സി.കെ.പി പത്മനാഭനാണു നാട്ടുകാരുടെ അഭ്യര്‍ഥന മാനിച്ച് അതികുളത്തിന്റെ പുരുദ്ധാരണത്തിന് ആദ്യമായി അഞ്ചു ലക്ഷം രൂപ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ഇതുപയോഗിച്ചു കുളത്തിന്റെ പടിഞ്ഞാറുഭാഗം ഭിത്തി നിര്‍മിച്ചു ബലപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. തളിപ്പറമ്പ് നിയോജക മണ്ഡലം തരിശുരഹിത മണ്ഡലമാക്കി മാറ്റുന്നതിനായി ജയിംസ്മാത്യു എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണു മൂന്നൂറു വര്‍ഷത്തോളം പഴക്കമുള്ള അതികുളം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ടുവെച്ചത്.
എം.എല്‍.എ ചെറുകിട ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് കുളം പുനരുദ്ധാരണത്തിന് പദ്ധതി ആവിഷ്‌ക്കരിക്കുകയായിരുന്നു. തുടര്‍ന്നു കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ പി സുഹാസിനിയുടെ നേതൃത്വത്തില്‍ കുളത്തിന്റെ നിര്‍മാണ രൂപരേഖ തയാറാക്കി. ഇതിനായി എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നു 73 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. 65 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള കുളത്തിന് അഞ്ചര മീറ്റര്‍ ആഴമുണ്ട്. നിലവിലുണ്ടായിരുന്ന കുളം ഒന്നര മീറ്ററോളം ആഴം കൂട്ടി. പുറമെ നിന്നു മഴവെള്ളം ഒഴുകിയിറങ്ങാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലുഭാഗത്തും ചെങ്കല്ലുകള്‍ പാകിയും ചുറ്റുമതില്‍ നിര്‍മിച്ചും ഭംഗിയാക്കിയിട്ടുണ്ട്.ജലാശയത്തിനു ചുറ്റും ഇരിപ്പിടവും പൂന്തോട്ടവും നിര്‍മിക്കാനും സോളാര്‍ ലൈറ്റുകള്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്. പുനരുദ്ധരിക്കപ്പെട്ട അതികുളം 16 നു രാവിലെ ഒന്‍പതിനു ജയിംസ് മാത്യു എം.എല്‍.എ നാടിനു സമര്‍പ്പിക്കും. നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമള അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."